
മലയാള സിനിമയുടെ ക്ളാസിക് ചിത്രം'കിരീടം" 37 വർഷങ്ങൾക്കുശേഷം വീണ്ടും വെള്ളിത്തിരയിൽ. മോഹൻലാൽ - സിബി മലയിൽ - ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ജനപ്രിയതയും കലാമൂല്യവും നിറഞ്ഞ ചിത്രം. ലോഹിതദാസിന്റെ തിരക്കഥയിൽ പിറന്ന അമൂല്യ കഥാപാത്രങ്ങൾ പതിറ്റാണ്ടുകൾക്കുശേഷവും പ്രേക്ഷകരോട് ചേർന്നുനിൽക്കുന്നു. ഫോർ കെ ദൃശ്യമികവിൽ 'കിരീടം"വീണ്ടും തിയേറ്ററിൽ ഇടംപിടിച്ചപ്പോൾ സംവിധായകൻ സിബി മലയിൽ സംസാരിച്ചു.
കിരീടം റീ റിലീസ് ചെയ്യാൻ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം ?
37 വർഷം മുൻപ് കിരീടം റിലീസ് ചെയ്ത സമയത്ത് ജനിച്ചിട്ടില്ലാത്തവർ, അന്ന് കാണാൻ പ്രായവും പക്വതയുമില്ലാത്ത തലമുറ പിന്നീട് അത് യുട്യൂബിൽ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു.
മോഹൻലാലിന് ആദ്യമായി ദേശീയ അംഗീകാരം നേടിക്കൊടുത്ത കഥാപാത്രം ആണ് കിരീടത്തിലെ സേതുമാധവൻ. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ ശ്രദ്ധ അതിലേക്ക് വരികയും ചെയ്തു. പുതിയ തലമുറ വലിയ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നുവെന്ന ചർച്ചകൾ കൂടുതലായി വരികയും ചെയ്തു. ഞാൻ സംവിധാനം ചെയ്ത 'ദേവദൂതൻ" രണ്ടുവർഷം മുൻപ് വീണ്ടും തിയേറ്ററിൽ വന്നപ്പോൾ വലിയ വിജയം നേടിയതും പ്രചോദനം തന്നു. മലയാളത്തിൽനിന്ന് ആദ്യമായി എൻ.എഫ്.ഡി.സിയും എൻ.എഫ്.ഐയും ചേർന്ന് റീ മാസ്റ്ററിംഗ് ചെയ്ത ആദ്യ സിനിമയാണ് കിരീടം. ആ അംഗീകാരത്തിൽ ഗോവ ചലച്ചിത്രമേളയുടെ റെഡ് കാർപ്പെറ്റിൽ വിദേശ പ്രേക്ഷകരുടെ മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ചു. രണ്ടാം വരവിലും വലിയ ജനപ്രീതി ലഭിക്കുമെന്നാണ് പ്രതീക്ഷ .
സിബി മലയിൽ എന്ന സംവിധായകന്റെ ചലച്ചിത്ര ജീവിതത്തിൽ എന്തു മാറ്റം 'കിരീടം" വരുത്തി?
എന്റെ പത്താമത്തെ സിനിമയാണ് 'കിരീടം". ഞാനും ലോഹിതദാസും ഒരുമിക്കുന്ന 'തനിയാവർത്തനം" എന്ന ആദ്യ സിനിമയിലൂടെ തന്നെഏതു തരം സിനിമകൾ ചെയ്യാൻ പ്രാപ്തനായ ആൾ എന്ന നിലയിൽ സ്വയം തിരിച്ചറിയാൻ സാധിച്ചു. അതിനു മുൻപ് ചെയ്ത നാലു സിനിമകളിൽ സംവിധായകൻ എന്ന നിലയിൽ അടയാളപ്പെടുത്താൻ ഒരുപക്ഷേ പ്രേക്ഷകർക്കും, എനിക്കും കഴിഞ്ഞില്ല. മൂന്നാമത്തെ സിനിമ ദേശീയ അംഗീകാരം നേടിതന്നത് പ്രേക്ഷകരുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടാകും. ലോഹിതദാസുമായി ചേർന്ന കൂട്ടുകെട്ടാണ് സംവിധായകൻ എന്ന നിലയിൽ ബലം നൽകി മുൻപോട്ട് പോകാൻ പ്രചോദനം തന്നത്. ഞങ്ങളുടെ ആദ്യത്തെ നാലു സിനിമകളേക്കാൾ എല്ലാത്തരം പ്രേക്ഷകർക്കും സ്വീകാര്യമായതും വലിയ വിജയം നേടിത്തന്നതും 'കിരീടം" ആണ്. മുഖ്യധാര സിനിമയിലേക്ക് എത്തിപ്പെടാൻ വലിയൊരു സ്വീകാര്യത തരികയും പ്രേക്ഷക പ്രീതി നിറഞ്ഞ സിനിമകൾ ചെയ്യാൻ പ്രാപ്തിയുള്ള സംവിധായകനാണ് ഞാൻ എന്ന് നിർമ്മാതാക്കൾക്കും ആസ്വാദകർക്കും ബോദ്ധ്യപ്പെടുത്തിക്കൊടുത്ത സിനിമ കൂടിയാണ് 'കിരീടം".
സ്വന്തമായി തിരക്കഥ എഴുതാൻശ്രമം നടത്താത്തതിന് പിന്നിൽ ?
സിനിമയിൽ എത്തുംമുൻപ് എഴുതാൻ ശ്രമം നടത്തിയിട്ടുണ്ട്. കോളേജ് പഠനകാലത്തായിരുന്നു ആ ശ്രമങ്ങൾ. സുഹൃത്തുക്കൾക്കിടയിൽ നല്ല അഭിപ്രായം ഉണ്ടായെങ്കിലും എന്നെ പൂർണമായും തൃപ്തിപ്പെടുത്തിയില്ല. എന്റെ മനസിൽ ഉള്ളത് വായനക്കാരനിലേക്ക് പൂർണമായും എത്തിക്കുന്നതിൽ പ്രാപ്തമാകുന്നില്ലെന്ന് സ്വയം തോന്നി. എന്റെ കലാസൃഷ്ടിയുടെ മേഖലയിൽ എഴുത്തിനേക്കാൾ കൂടുതൽ ദൃശ്യഭാഷയാണ് വഴങ്ങുന്നതെന്ന് തിരിച്ചറിഞ്ഞു. സിനിമ കണ്ടു അതിന്റെ ഭാഷ അടുത്തറിയാൻ കഴിഞ്ഞതിന്റെ ബോദ്ധ്യത്തിൽ ആണ് സംവിധായകൻ എന്ന യാത്ര ആരംഭിക്കുന്നത്.
മോഹൻലാൽ - സിബി മലയിൽ സിനിമ ഇനി എപ്പോഴായിരിക്കും?
തീർച്ചയായിട്ടും സംഭവിക്കും. പതിനഞ്ചോളം സിനിമകളിൽ ഞങ്ങൾ ഒരുമിച്ചു. ആ സിനിമകൾ ഞങ്ങൾ രണ്ടുപേരുടെയും ചലച്ചിത്രജീവിതത്തിൽ പ്രധാനപ്പെട്ടതാണ്. ഞാനും വളരെയേറെ ആഗ്രഹിക്കുന്നതാണ് മോഹൻലാൽ സിനിമ . അതിന്റെ കഥയിൽ എത്തി ചേർന്നു.
n
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |