SignIn
Kerala Kaumudi Online
Sunday, 25 October 2026 3.15 AM IST

കള്ളനോട്ട് പ്രിന്ററും പേപ്പറും കണ്ടെത്തിയ സംഭവം: പ്രതി കള്ളപ്പണം വെളുപ്പിക്കൽ സംഘത്തിലെ കണ്ണിയെന്ന് സംശയം

READ ENGLISH VERSION

കൊല്ലം: കള്ളനോട്ട് പ്രിന്ററും അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് അച്ചടിക്കാനായി മുറിച്ച പേപ്പർ കെട്ടുകളും കണ്ടെത്തിയ സംഭവത്തിലെ പ്രതി കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയൽ പുരയിടത്തിൽ സിബിയോൺ (37) കള്ളപ്പണം വെളുപ്പിക്കൽ സംഘത്തിലെ കണ്ണിയെന്ന് സംശയം. സിബിയോണിനെതിരെ നിയമവിരുദ്ധ പണം ഇടപാട്, കള്ളനോട്ട് അച്ചടിക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.

അഞ്ഞൂറ് രൂപ നോട്ടിന്റെ ഡിസൈൻ വശങ്ങളിൽ പ്രിന്റ് ചെയ്ത പേപ്പർ കെട്ടുകളാണ് വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. നോട്ട് എണ്ണുന്ന യന്ത്രം, 42 ഗ്രാം സ്വർണാഭരണങ്ങൾ, 4.32 ലക്ഷം രൂപ, ലാപ്ടോപ്പ് എന്നിവയും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത പേപ്പർ കെട്ടുകളിൽ അഞ്ഞൂറിന്റെ കള്ളനോട്ട് അച്ചടിച്ചിരുന്നെങ്കിൽ ഏകദേശം രണ്ടരക്കോടിയോളം രൂപ വരുമായിരുന്നു.

പ്രിന്റർ ടാറ്റു പ്രിന്റ് ചെയ്യാനായി ഒ.എൽ.എക്സിൽ നിന്ന് വാങ്ങിയെന്നാണ് സിബിയോൺ പറഞ്ഞതെങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാൽ ആറ്റിങ്ങൽ സ്വദേശിയുമായി കള്ളപ്പണം വെളുപ്പിൽ ഇടപാടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. അക്കൗണ്ട് വഴി കൈമാറുന്ന തുകയുടെ മൂന്നിരട്ടി കറൻസിയായി നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ സ്വദേശിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വശങ്ങളിൽ നോട്ടിന്റെ ‌ഡിസൈൻ ചെയ്ത പേപ്പർ കെട്ടുകൾ യഥാർത്ഥ കറൻസിയാണെന്ന് കബളിപ്പിച്ച് കള്ളപ്പണ ഇടപാടുകാരൻ നൽകിയതാണെന്നാണ് സിബിയോണിന്റെ മൊഴി. എന്നാൽ ആറ്റിങ്ങൽ സ്വദേശിയെപ്പോലെ സിബിയോണും ചെറിയ തുക അക്കൗണ്ടിൽ വാങ്ങി വലിയ തുക കറൻസിയായി നൽകുന്ന ഇടപാട് നടത്തിയിരുന്നതായി സംശയിക്കുന്നു. വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം യഥാർത്ഥ കറൻസിയാണോയെന്നും പരിശോധിക്കും. ബാങ്ക് ഇടപാട്, മൊബൈൽ ഫോൺ വിളികളുടെ വിവരങ്ങളും ശേഖരിക്കും. കൊല്ലം എ.സി.പി എസ്.ഷാജി, പള്ളിത്തോട്ടം സ്റ്റേഷൻ എസ്.എച്ച്.ഒ പ്രതിഭ ജി.നായർ എന്നിവരുടെ നേതൃത്വത്തിലാണ് സിബിയോണിനെ ചോദ്യം ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ 17ന് സിബിയോണിനെ തട്ടിക്കൊണ്ടുപോയതായി ഭാര്യ പള്ളിത്തോട്ടം പൊലീസിന് പരാതി നൽകിയിരുന്നു. സുഹൃത്തായ മയ്യനാട് സ്വദേശി ആദർശ് വീട്ടിലെത്തി സിബിയോണിനെ വിളിച്ചുകൊണ്ടുപോയെന്നും പിന്നീട് കാണാനില്ലെന്നുമായിരുന്നു പരാതി. തൊട്ടടുത്ത ദിവസം ആദർശിനെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു. ഇതിന് പിന്നാലെ തട്ടിക്കൊണ്ടുപോയ സംഘത്തെ വെട്ടിച്ച് താൻ രക്ഷപ്പെട്ടെന്ന് പറഞ്ഞ് സിബിയോൺ പള്ളിത്തോട്ടം സ്റ്റേഷനിൽ ഹാജരായി. സിബിയോണിന്റെ മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് വ്യാജ നോട്ട് പ്രിന്ററും പേപ്പർ കെട്ടുകളും പിടിച്ചെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY