
കൊച്ചി:കൊച്ചിയെയും കേരളത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയിൽ 'ലിറ്റി ചോക്കപ്പ്' എന്ന ഇൻസ്റ്റഗ്രാം, സോഷ്യൽമീഡിയ ഹാൻഡിലിന്റെ ഉടമ അമൃത് സിംഗ് ദാരനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. ഫോർട്ട് കൊച്ചിയിൽ 95 ശതമാനവും മുസ്ലീം ജനവിഭാഗമാണെന്നും മറ്റുള്ളവർ അവിടെ ഭയന്നാണ് ജീവിക്കുന്നതെന്നും വീഡിയോയിലുണ്ട്.
ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ കാശി ആർട്ട് കഫേയിൽ മഹാത്മാഗാന്ധിയുടെയും മുഹമ്മദലി ജിന്നയുടെയും ചിത്രങ്ങൾ ചേർത്തുവച്ചുള്ള കലാസൃഷ്ടിയെ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ വീഡിയോയിൽ ചിത്രീകരിച്ചെന്നും മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്.ഐ.ആർ. പുണ്യസ്ഥലമായ കാശിയുടെ പേരിലുള്ള ആർട്ട് കഫേയിൽ ബീഫ് വിളമ്പുന്നു, ജിന്നയ്ക്ക് ഇന്ത്യയിൽ സ്ഥാനമില്ല, ഇസ്ളാമിനെ വളർത്താൻ യു.ഡി.എഫ് സർക്കാർ അറബ് രാജ്യങ്ങളുടെ പണം പറ്റുന്നു, കേരളത്തിലെ അപകടകരമായ സ്ഥിതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിസാരമായി കാണുന്നു തുടങ്ങിയ ആരോപണങ്ങളും വീഡിയോയിലുണ്ട്. എ.ഡി.ജി.പി പി. വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ് കേസ്.
ദു:ഖകരമായ യാഥാർത്ഥ്യമാണിതെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ബി.ജെ.പി നേതാവ് ജി.കൃഷ്ണകുമാറിന്റെ മകളുമായ ദിയകൃഷ്ണ പ്രതികരിച്ചതും വിവാദമായി. ദാരന്റെ പോസ്റ്റിന്റെ ആദ്യഭാഗത്തെക്കുറിച്ച് മാത്രമാണ് പ്രതികരണമെന്ന് പിന്നീട് ദിയ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |