
നാഗർകോവിൽ: ശുചീന്ദ്രത്ത് പൂട്ടിക്കിടന്ന വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് 55 പവൻ കവർന്ന സംഭവത്തിൽ നാലുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്‌തു.
കുളച്ചൽ,ബിഷപ്പ് ലിയോൺ നഗർ സ്വദേശി സഹായ ജനിത് മോൻ,തൂത്തുക്കുടി മിനി സഹായപുരം സ്വദേശികളായ മരിയ അന്തോണി മിഖായേൽ,ഭാര്യ ചന്ദനമാരി,സഹോദരൻ ലുക്ക്‌വിൻ എന്നിവരാണ് പിടിയിലായത്. നാഗർകോവിൽ പള്ളം അണ്ണാനഗർ സ്വദേശി സേവിയർ ശീലൻ -അമല ദമ്പതികളുടെ വീട്ടിലായിരുന്നു കവർച്ച. പ്രതികളുടെ കൈയിൽ നിന്ന് 30.41 പവൻ സ്വർണവും 5.25 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി.
സേവിയർ ഗൾഫിലാണ് ജോലിചെയ്യുന്നത്. സംഭവത്തിന് ഏതാനും ദിവസം മുമ്പ് അമല വീടുപൂട്ടി ചെന്നൈയിലുള്ള മക്കളുടെ വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ 3ന് രാവിലെ വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ട നാട്ടുകാരാണ് അമലയെ വിവരമറിയിക്കുന്നത്. ബന്ധുക്കൾ ശുചീന്ദ്രം പൊലീസിന് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി പരിശോധന നടത്തി. തുടർന്നാണ് മുറിയിലെ അലമാരയും തകർത്ത നിലയിൽ കണ്ടത്. 55 പവൻ അലമാരയിൽ സൂക്ഷിച്ചിരുന്നെന്ന് അമല പൊലീസിനോട് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി അൻശുൽ നാഗറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രതികളെ പിടികൂടിയത്. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ശുചീന്ദ്രം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ റിമാൻഡ് ചെയ്തു.
ഫോട്ടോ: അറസ്റ്റിലായ പ്രതികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |