കാസർകോട്: നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിൽ റെയിൽവേ സിഗ്നൽ കേബിൾ മുറിച്ചുകടത്തിയ ഏഴംഗ സംഘത്തെ ആർ.പി.എഫ് അറസ്റ്റുചെയ്തു. മോഷ്ടിച്ച കേബിളിൽനിന്ന് വേർതിരിച്ച ചെമ്പുകമ്പി വാങ്ങിയ പരിയാരത്തെ ആക്രിക്കട നടത്തിപ്പുകാരനും പിടിയിലായി. അസം സ്വദേശികളായ മനോവർ ഹുസൈൻ (32), സോമീർ അലി (35), റസൂൽ ഇസ്‌ലാം (20), നൂർ അമീൻ ഇസ്‌ലാം (33), സോബിഖുൽ അലി ഖാൻ (21), അനോവർ ഹുസൈൻ (33), പരിയാരം സ്വദേശിയായ ആക്രിക്കട നടത്തിപ്പുകാരൻ മൊഗൽ ഹുസൈൻ (34) എന്നിവരാണ് അറസ്റ്റിലായത്.
ചെറുവത്തൂരിലെ വി.വി. നഗറിലെ വാടകവീട്ടിൽ താമസിച്ചിരുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചെറുവത്തൂർ, പയ്യന്നൂർ, പടന്നക്കാട്, പരിയാരം എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷണത്തിന് ഉപയോഗിച്ച നീല നിറത്തിലുള്ള മഹീന്ദ്ര ജീത്തോ വാഹനവും പടന്നക്കാട്ടുനിന്ന് ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു.
80 മീറ്റർ സിഗ്നൽ കേബിളാണ് സംഘം മുറിച്ചുകടത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഇക്കഴിഞ്ഞ 18ന് റെയിൽവേ സിഗ്നൽ സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. സിഗ്നൽ കേബിൾ മുറിച്ചുമാറ്റിയത് ട്രെയിൻ ഗതാഗതത്തെ ഗുരുതരമായി ബാധിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചതായി ആർ.പി.എഫ് വ്യക്തമാക്കി.
പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പാലക്കാട് ആർ.പി.എഫ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എ.പി. ദീപക്, എസ്.ഐ. അജിത്ത് കുമാർ, എ.എസ്.ഐ. ഷിജു, കാസർകോട് ആർ.പി.എഫ് ഇൻസ്പെക്ടർ എൻ.കെ. ശശി, എ.എസ്.ഐ. വിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സംഘം നേരത്തെ സമാനമായ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും ആർ.പി.എഫ് അന്വേഷിക്കുന്നുണ്ട്.
ആക്രിക്കടയിൽ ചെമ്പ് വിറ്റു
മോഷ്ടിച്ച കേബിളിൽനിന്ന് വേർതിരിച്ചെടുത്ത ചെമ്പുകമ്പി പരിയാരത്തെ ആക്രിക്കടയിലാണ് സംഘം വിറ്റത്. ചോദ്യംചെയ്യലിലാണ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് ആക്രിക്കടയിലെത്തിച്ച് നടത്തിയ പരിശോധനയിലും തെളിവെടുപ്പിലും മോഷ്ടിച്ച കേബിളിലെ ചെമ്പ് വിൽപ്പന നടത്തിയതായി വ്യക്തമായതിനെ തുടർന്നാണ് കട നടത്തിപ്പുകാരനായ മൊഗൽ ഹുസൈനെ അറസ്റ്റുചെയ്തത്. കേബിളിന്റെ പ്ലാസ്റ്റിക് കവറുകൾ പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിൽ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |