
കാട്ടാക്കട: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി കടന്നുകളയുകയും ചെയ്ത പ്രതിയെ ആര്യനാട് പൊലീസ് പിടികൂടി. തൃശൂർ തളിക്കുളം മസ്ജിദിന് സമീപം പൊക്കാക്കില്ലത്ത് വീട്ടിൽ ഷജീർ.പി.എയാണ് (47)പിടിയിലായത്. ആര്യനാട് സ്വദേശിയായ യുവതിയും ഷജീറും സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് അടുപ്പത്തിലായത്. ആഗസ്റ്റ് 12ന് ഷജീർ തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുകയും ഇവിടെ കാത്തുനിന്ന യുവതിയുമായി സമീപത്തെ ബാങ്കിലേക്ക് പോയി യുവതിയുടെ കൈവശമുണ്ടായിരുന്ന 90,000 രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. ഇരുവരും രണ്ടുദിവസം തമിഴ്‌നാട്ടിലെ ഏർവാടി പള്ളിക്ക് സമീപത്തെ ലോഡ്ജിൽ താമസിച്ചശേഷം യുവതിയുടെ കൈവശമുണ്ടായിരുന്ന സ്വർണമോതിരം, മൂക്കുത്തി, ഡയമണ്ടിന്റെ കമ്മലുകൾ, ബാങ്ക് പാസ്‌ബുക്ക്,ചെക്ക് ബുക്ക്, സ്ഥിരനിക്ഷേപത്തിന്റെ രസീത് എന്നിവ പ്രതി കൈക്കലാക്കുകയും ചെയ്തെന്നായിരുന്നു പരാതി. 15ന് തിരികെ ഇരുവരും തിരുവനന്തപുരത്തെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തുകയും അവിടവച്ച് പ്രതി കടന്നുകളയുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻകാണിയുടെ നിർദ്ദേശത്തെ തുടർന്ന് കാട്ടാക്കട ഡിവൈ.എസ്.പി. ബിനുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തൃശൂർ മെഡിക്കൽ കോളേജ് പരിസരത്തുനിന്നാണ് പ്രതി പിടിയിലായത്. ആര്യനാട് സർക്കിൾ ഇൻസ്‌പെക്ടർ സജിൻ ലൂയിസ്, എസ്.എച്ച്.ഒ അരുൺ.ആർ.യു, എ.എസ്.ഐ നെവിൽ, സി.പി.ഒ ഹരീഷ്, ഡ്രൈവർ സി.പി.ഒ സജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |