
സംവിധായകൻ ചിദംബരം നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ അന്ന ബെൻ നായിക. നവാഗതനായ വൈശാഖ് റീത്ത സംവിധാനം ചെയ്യുന്ന ചിത്രം കോമഡി ഡ്രാമയാണ്. പുരുഷപ്രേതം എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്ത് അജിത്താണ് രചന. മനുഷ്യരുടെ ഓർമ്മകളും ബന്ധങ്ങളും അവരുടെ പെരുമാറ്റത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് പ്രമേയം. ജുവൽ മേരി, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ, മനോജ് കാന തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അജ്മൽ ഹസ്ബുള്ള ആണ് സംഗീതം. ജോമോൻ ജേക്കബിന്റെയും വൈശാഖിന്റെയും റീത്ത ഫിലിംസ് ലിമിറ്റഡിന്റെ പിന്തുണയോടെ ഇന്ത്യ - യു.കെ. സംയുക്ത സംരംഭമായാണ് ഒരുങ്ങുന്നത്. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിലൂടെ ചിദംബരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ പ്രതിനായക വേഷം ആയിരുന്നു.
ഋഷഭ് ഷെട്ടി നായകനായി രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുന്നുണ്ട് ചിദംബരം. അതേസമയം വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് അന്ന ബെൻ. സംഗീത് പ്രതാപും അന്ന ബെന്നും ആണ് പ്രധാന വേഷത്തിൽ. പനോരമ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന് രവിശങ്കർ ആണ് രചന. മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിലൂടെ അഭിനയപ്രാധാന്യം നിറഞ്ഞ കഥാപാത്രത്തെ ആണ് സംഗീത് പ്രതാപും അന്ന ബെന്നും അവതരിപ്പിക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ചെറിൻ പോൾ ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |