
കൽപ്പറ്റ: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ, മരിച്ച വയനാട് മടക്കിമല സ്വദേശി ദേവികയുടെ വീട്ടിലെത്തി അന്വേഷണ സംഘം മൊഴിയെഴുത്തു. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം വീട്ടിൽ ചെലവഴിച്ച സംഘം കുടുംബത്തിൽ നിന്ന് വിശദമായ വിവരങ്ങൾ ശേഖരിച്ചു. അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവികയുടെ അമ്മ സരിത പറഞ്ഞു. വെള്ളിയാഴ്ച പാലക്കാട്ടെ ഗോപികയുടെ വീട്ടിലും ശനിയാഴ്ച കർണാടക സുള്ളിയിലെ ഇയാസിന്റെ വീട്ടിലും സംഘം മൊഴിയെടുക്കാൻ എത്തും. മടക്കിമല താഴെവീട്ടിൽ സന്തോഷ് കുമാറിന്റെയും സരിതയുടെയും മകളാണ് ദേവിക (കുക്കു- 21). മദ്യലഹരിയിൽ 19 വയസുകാരൻ അതിവേഗത്തിലോടിച്ച ആഡംബര കാറിടിച്ചാണ് കൽപ്പറ്റ മടക്കിമല താഴെ വീട്ടിൽ ദേവിക, മണ്ണാർക്കാട് എടക്കുറിശ്ശി നെല്ലാറ്റ കരിമ്പ മുളളങ്കുഴി വീട്ടിൽ എം.ആർ. പ്രദീപ് കുമാറിന്റെയും സജിതയുടെയും മകൾ എം.പി.ഗോപിക (21),സുളള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെയും റുക്കിയയുടെയും മകൻ ഇയ്യാസ് (21) എന്നിവർ മരിച്ചത്. എയർപോർട്ട് റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് കഴിഞ്ഞ 11ാം തീയതി പുലർച്ചെയാണ് സംഭവം. ബിരുദധാരികളായ മൂവരും മറ്റ് കോഴ്സുകൾ പഠിക്കുന്നതിനൊപ്പം ഉച്ചയ്ക്ക് ശേഷം തൃക്കാക്കരയിലെ സുക്കോയോ സ്റ്റോറിൽ ജോലി ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |