കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ നടപടിയെടുക്കുന്നതിലുണ്ടായ വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. പകരം ദക്ഷിണ മേഖല ഐജി ആർ നിശാന്തിനിയെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിക്കുമെന്നാണ് വിവരം. ഇതോടൊപ്പം പി പ്രകാശിനെ പുതിയ ദക്ഷിണ മേഖല ഐജിയായും നിയമിച്ചേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് വൈകിട്ടോടെ പുറത്തിറക്കാനാണ് സാദ്ധ്യത. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് നടപടി.
ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് തലത്തിൽ ഗുരുതര വീഴ്ചകളുണ്ടായതായി എഡിജിപി പി വിജയൻ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചേരാനല്ലൂർ സ്റ്റേഷനിലെ എസ്ഐയും സിഐയും ഉൾപ്പെടെയുള്ള നാല് ഉദ്യോഗസ്ഥർക്കെതിരെ നേരത്തേ നടപടി സ്വീകരിച്ചിരുന്നെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാത്തതിൽ പൊലീസുകാർക്കിടയിൽ എതിർപ്പും അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടും പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. തുടർന്നാണ് സിറ്റി പൊലീസ് കമ്മീഷണറെ ഉൾപ്പെടെ മാറ്റിക്കൊണ്ട് അഴിച്ചുപണി നടത്താൻ തീരുമാനിച്ചത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ജഡ്ജിയുടെ മകനായ 17 വയസുകാരൻ ഓടിച്ച ബെൻസ് കാറിടിച്ചാണ് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ മരിച്ചത്. സംഭവത്തിൽ പ്രതിക്കെതിരെ നടപടിയെടുക്കാൻ വൈകിയതിൽ ജയബാലകൃഷ്ണന്റെ കുടുംബം വലിയ പ്രതിഷേധം നടത്തിയിരുന്നു. തുടർന്നാണ് വാഹനത്തിന്റെ ആർ സി ഉടമ കൂടിയായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ കേസെടുത്തത്.
Kochi City Police Commissioner K. Mahesh Kumar has reportedly been transferred following alleged lapses in handling the Cheranallur fatal accident case. R. Nishanthini is expected to take over as the new commissioner, while P. Prakash may become Southern Range IG. The case concerns the death of a scooter rider after a Mercedes-Benz allegedly driven by a 17-year-old hit him.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |