പത്തനംതിട്ട: അടൂരിൽ ബൈക്കും കാറും ഓടിച്ച് 16കാരൻ. വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് ട്രാഫിക് പൊലീസ് സംഘം വാഹനം കസ്റ്റഡിയിലെടുത്തത്. മാരുതി 800 കാറാണ് 16കാരൻ ഓടിച്ചത്. 16കാരന്റെ മാതാവും കാറിന്റെ ഉടമയുമായ സ്ത്രീക്കെതിരെയും ബൈക്ക് ഉടമയായ കൊല്ലം സ്വദേശി രവീന്ദ്രനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. രവീന്ദ്രൻ ബൈക്ക് ഇവർക്ക് വിറ്റതാണെന്നാണ് വിവരം.
അതേസമയം, കഴക്കൂട്ടത്ത് കൊച്ചുകുട്ടിയെ മടിയിലിരുത്തി സ്റ്റിയറിംഗിൽ പിടിപ്പിച്ച് അമിതവേഗത്തിൽ കാറോടിച്ച വള്ളക്കടവ് വയ്യാമൂല സ്വദേശി സൈനുലാബ്ദീന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചു. സൈനുലാബ്ദീനെ ആർടി ഓഫീസിൽ വിളിച്ചുവരുത്തി നോട്ടീസ് നൽകി.
മകന്റെ കുഞ്ഞിനെ മടിയിലിരുത്തി കാർ ഓടിക്കുന്നതിന്റെ ദൃശ്യം കൊല്ലം ഇളമ്പൽ സ്വദേശികളാണ് പുറത്തുവിട്ടത്. പിന്നാലെ കഴക്കൂട്ടം പൊലീസ് കേസുമെടുത്തിരുന്നു. അപകടകരമായി വാഹനമോടിച്ചു, കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ പ്രവർത്തിച്ചു എന്നിങ്ങനെ കാട്ടിയാണ് നോട്ടീസ്.
ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമേ, എടപ്പാളോ കൊല്ലത്തോ മൂന്നുദിവസത്തെ എം.വി.ഡിയുടെ ഡ്രൈവിംഗ് പരിശീലന ക്ലാസിൽ പങ്കെടുക്കുകയും വേണം. കുട്ടി കരഞ്ഞപ്പോൾ മടിയിലെടുത്തു വച്ചതാണെന്നാണ് സൈനുലാബ്ദീന്റെ വിശദീകരണം. കുഞ്ഞ് മടിയിലിരിക്കുമ്പോൾ ബ്രേക്ക് ചെയ്യേണ്ടി വന്നാൽ കുഞ്ഞിനെ സ്റ്റിയറിംഗിൽ വച്ച് അമർത്തുന്ന നിലയുണ്ടാകും. കുഞ്ഞ് താഴേക്ക് ഊർന്നിറങ്ങിയാൽ കാർ നിയന്ത്രണം തെറ്റും. മൂന്ന് വയസുള്ള കുഞ്ഞിനെ പ്രത്യേകം സജ്ജീകരിച്ച സീറ്റിലിരുത്തണമെന്നാണ് വ്യവസ്ഥ. ഇന്നലെ രാവിലെയാണ് കഴക്കൂട്ടം മേൽപ്പാലത്തിലൂടെ കുഞ്ഞിനെ മടിയിലിരുത്തി വാഹനമോടിച്ചത്. പിന്നാലെ വന്ന വാഹനങ്ങൾ ഹോൺ മുഴക്കിയിട്ടും അവഗണിക്കുകയായിരുന്നു.
A 16-year-old boy was caught driving a bike and a Maruti 800 car in Adoor, Pathanamthitta. The incident came to light after a video of him driving the vehicles was shared on social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |