മലപ്പുറം: കാലാവസ്ഥാ വ്യതിയാനം കാരണം ഉല്പാദനം കുറഞ്ഞതോടെ വിപണിയിൽ ഇഞ്ചി വില കുതിക്കുന്നു. ചില്ലറ വിപണിയിൽ ഒരു കിലോ ഇഞ്ചിയുടെ വില 280 ആണ്. ഒരു മാസം മുമ്പ് വരെ 120 രൂപയായിരുന്നു വില. അഴുകൽ രോഗവും കുമിൾ രോഗവും ഇഞ്ചിക്കൃഷിയെ വലിയ തോതിൽ നശിപ്പിക്കുന്നതും വില വർദ്ധനവിന് പ്രധാന കാരണമാണെന്ന് വ്യാപാരികൾ പറയുന്നു.
ജില്ലയിലേക്ക് പ്രധാനമായും കർണ്ണാടകയിൽ നിന്നാണ് ഇഞ്ചി ഇറക്കുമതി ചെയ്യുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 75 ശതമാനമാണ് ഇവിടങ്ങളിൽ ഉല്പാദനത്തിൽ കുറവ് വന്നത്. കൃഷിച്ചെലവ് വർദ്ധിച്ചതും പലരെയും കൃഷി ചെയ്യുന്നതിൽ നിന്നും പിന്നോട്ടടിച്ചിരുന്നു. ഇന്ധനവില വർദ്ധനവ് കാരണം ചരക്ക് കൂലിയിലുണ്ടായ വർദ്ധനവും പച്ചക്കറി വിപണിയെ ബാധിച്ചിട്ടുണ്ട്. പൈറിക്കുലേറിയ പോലുള്ള കുമിൾ രോഗങ്ങൾ കാരണം കഴിഞ്ഞ സീസണിൽ ആയിരക്കണക്കിന് ഏക്കർ ഇഞ്ചിക്കൃഷി നശിച്ചിരുന്നു. ഇതോടെ ഇഞ്ചിക്കൃഷി ഉപേക്ഷിച്ചവരും ഏറെയാണ്.
വിപണിയിൽ വെളുത്തുള്ളി വിലയും കുതിക്കുകയാണ്. ഒരു കിലോഗ്രാം വെളുത്തുള്ളിയുടെ വില 240ലെത്തി.ഒരുമാസം മുമ്പ് വരെ 110 രൂപയായിരുന്നു. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും വെളുത്തുള്ളി ഇറക്കുമതി ചെയ്യുന്നത്.
തക്കാളി-24, സവാള-40, വെണ്ടക്ക-40, മത്തൻ-20, കുമ്പളം-20, കാബേജ്-40, കാരറ്റ്-70, വെള്ളരി-20 എന്നിങ്ങനെയാണ് പച്ചക്കറികളുടെ വിപണി വില.
ഓണം സീസണാവുന്നതോടെ വില ഇനിയും ഉയരാൻ സാദ്ധ്യതയേറെയാണ്. സാധാരണ ഒരു ടൺ ഇഞ്ചി ലഭിക്കേണ്ട സ്ഥാനത്ത് നിലവിൽ 250 കിലോഗ്രാം മാത്രമേ കർണ്ണാടകയിൽ നിന്നെല്ലാം ലഭിക്കുന്നുള്ളൂ. സാധാരണ വാങ്ങുന്നതിന്റെ പകുതി മാത്രമേ ആളുകൾ ഇഞ്ചിയും വെളുത്തുള്ളിയും നിലവിൽ വാങ്ങുന്നുള്ളൂ.
മുഹമ്മദലി, യു.എച്ച്.എം വെജിറ്റബിൾസ്, കുന്നുമ്മൽ
Ginger prices have soared to Rs 280/kg from Rs 120 a month ago, with garlic also rising to Rs 240/kg from Rs 110. This surge is attributed to climate change, crop diseases, and a 75% production decline, particularly in Karnataka. Increased cultivation and freight costs further contribute, with prices expected to climb higher during the Onam season.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |