
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (പി.എം.യു) ബോർഡിന്റെ നിയന്ത്രണത്തിലാണെന്ന് പ്രസിഡന്റ് കെ. ജയകുമാർ. ഡിജിറ്റലൈസേഷന്റെ പുരോഗതി അനുസരിച്ചാണ് പി.എം.യുവിന് തുക അനുവദിക്കുന്നത്. ശബരിമലയിലെ ഡിജിറ്റലൈഷേൻ ഇത്തവണത്തെ മണ്ഡല തീർത്ഥാടന കാലത്ത് പൂർത്തിയാക്കുമെന്നും അദ്ദേഹം 'കേരളകൗമുദി'യോട് പറഞ്ഞു.
പദ്ധതി നടപ്പാക്കരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. മുൻപ് പലതവണ ഡിജിറ്റലൈസേഷൻ നടപ്പാക്കാൻ ശ്രമിച്ചപ്പോഴും ഇവർ തകർത്തു. കോടതി ഇടപെട്ടിട്ടാണ് കിറ്റ്ഫ്രയെ ഏല്പിച്ചിട്ടുള്ളത്. ടെൻഡർ വിളിക്കാൻ ആർ.എഫ്.പി (റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ) തയ്യാറാക്കാമോയെന്ന് ആവശ്യപ്പെട്ട് ബോർഡാണ് കിറ്റ്ഫ്രയെ സമീപിച്ചത്. തുടർന്ന് അവർ ആർ.എഫ്.പി തയ്യാറാക്കി. ഇത് ബോർഡ് ഹൈക്കോടതിക്ക് സമർപ്പിച്ചു. കോടതി അവരെ കേട്ട ശേഷം കിറ്റ്ഫ്രയിലെ ഉദ്യോഗസ്ഥർക്കിത് ചെയ്ത് കൂടെയെന്ന് ചോദിച്ചു. അങ്ങനെയാണ് കിറ്റ്ഫ്ര എം.ഡിയായിരുന്ന സന്തോഷ് ബാബുവിനെ ഡിജിറ്റലൈസേഷൻ ഏല്പിച്ചത്. ഭരണം മാറിയപ്പോൾ കിറ്റ്ഫ്ര എം.ഡി മാറി. അതോടെയാണ് കൺസൾട്ടന്റായി സന്തോഷിനെ ബോർഡ് നിയമിച്ചതെന്ന് ജയകുമാർ പറഞ്ഞു.
ബോർഡിന് കീഴിൽ ഇവരുടെ നേതൃത്വത്തിൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിക്കുകയാണ് ചെയ്തത്. വളരെവേഗത്തിൽ സോഫ്റ്റ്‌വെയർ പൂർത്തിയാക്കണമെങ്കിൽ വിദഗ്ദ്ധരുടെ സേവനം ആവശ്യമാണ്. അങ്ങനെയാണ് സി.എം.ഡിയിലൂടെ ജീവനക്കാരെ നിയമിച്ചത്. 1250 ക്ഷേത്രങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആകെ ചെലവ് 70 കോടി. ഇത് ഒറ്റയടിക്ക് പി.എം.യുവിന് നൽകില്ലെന്നും ജയകുമാർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |