SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.31 AM IST

ഗവർണർ ആയുധമാക്കിയത് പി.എസ്.സി വിജി. റിപ്പോർട്ട് പിരിച്ചുവിടൽ ശുപാർശയിൽ പരാമർശം

READ ENGLISH VERSION
psc

തിരുവനന്തപുരം: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാൻ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയിൽ മുൻ ഗവർണർ ആർ.വി.ആർലേക്കർ മുഖ്യമായും ചൂണ്ടിക്കാട്ടിയത് ക്രമക്കേടുകൾ ശരിവച്ചുള്ള പി.എസ്.സി വിജിലൻസ് റിപ്പോർട്ട്. യുവമോർച്ചയുടെ പരാതി ഗവർണർ പി.എസ്.സിയിലേക്ക് അയച്ചിരുന്നു. തുടർന്ന് പി.എസ്.സി വിജിലൻസ് നൽകിയ മറുപടിയിലാണ് ചെയർമാന്റെയും അംഗങ്ങളുടെയും ഗുരുതര കൃത്യവിലോപത്തിന്റെ വിവരങ്ങളുണ്ടായിരുന്നത്. വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ അതേപടി ആർലേക്കർ ഉദ്ധരിച്ചിട്ടുണ്ട്.

സ്വന്തം പേരുവച്ചെഴുതിയ ഡി.ഒ ലെറ്ററാണ് (ഡെമി-ഒഫിഷ്യൽ) ഗവർണർ രാഷ്ട്രപതിക്കയച്ചത്. രാഷ്ട്രപതി സ്വന്തംനിലയിൽ തീരുമാനമെടുക്കണമെന്ന അഭ്യർത്ഥനയുമുണ്ട്. പൊലീസിൽ നിന്നുള്ള എസ്.പിയാണ് പി.എസ്.സിയിലെ വിജിലൻസ് ഓഫീസർ. ക്രമക്കേടുകൾ മുൻകൂട്ടി അറിയിച്ചിട്ടും പി.എസ്.സി ചെയർമാൻ അനങ്ങിയില്ലെന്നടക്കം വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.


ആസൂത്രണബോർഡ് പരീക്ഷാ മൂല്യനിർണയത്തിൽ ക്രമക്കേട് മനസിലാക്കിയ ഉദ്യോഗാർത്ഥി വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ട് ഒരു വർഷംവരെ മറുപടി നൽകിയില്ല. വിവരാവകാശ കമ്മിഷനെ സമീപിച്ച ശേഷമാണ് നൽകിയത്. 58മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ വേണ്ടപ്പെട്ടയാളെ ഒന്നാം റാങ്കിലെത്തിച്ചത് പുറത്തറിയാതിരിക്കാനായിരുന്നു ഇത്. പി.എസ്.സിയിലെ വിവരാവകാശ ഓഫീസറെ ചെയർമാനടക്കം സമ്മർദ്ദം ചെലുത്തിയാണ് സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതിരുന്നതെന്ന് സംശയിക്കണമെന്നും വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്.

പരീക്ഷാ മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് അഡി.സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറിയടക്കം ഡസനോളം ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തെങ്കിലും ചെയർമാൻ നടപടിയെടുത്തില്ല. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ പരീക്ഷാ ചുമതലകളിൽ നിന്ന് മാറ്റണമെന്ന ആവശ്യവും അവഗണിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

'ക്രമക്കേട് അറിയിച്ചിട്ടും

നടപടിയെടുത്തില്ല'

വിജിലൻസ് ഓഫീസറുടെ അന്വേഷണവുമായിപ്പോലും ചെയർമാൻ സഹകരിച്ചില്ല. ക്രമക്കേടുകൾ കണ്ടെത്തിയിട്ടും തിരുത്താൻ തയ്യാറായില്ല. വിശദ പരിശോധനയ്ക്ക് രേഖകൾ നൽകിയില്ല

ആസൂത്രണ ബോർഡ് നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി അറിയിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ല

നിലവിലെ ചെയർമാനും അംഗങ്ങളും തുടർന്നാൽ വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ സ്വതന്ത്രമായി നടക്കില്ലെന്ന പരാമർശവും വിജിലൻസ് റിപ്പോർട്ടിലുണ്ടായിരുന്നതായി സൂചന

പി.എസ്.സി ഹർജിയിലും

പരാമർശം

ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ പി.എസ്.സി ഹർജി നൽകിയതും ഗവർണർ രാഷ്ട്രപതിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചെയർമാന്റെ അധികാരം ദുരുപയോഗിച്ചാണ് പി.എസ്.സിയെക്കൊണ്ട് ഹർജി നൽകിച്ചത്. അന്വേഷണവുമായി സഹകരിക്കുന്നതിന് പകരം പദവി ദുരുപയോഗിച്ച് അത് തടയാനാണ് ശ്രമിച്ചതെന്ന വിലയിരുത്തലുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA