
തിരുവനന്തപുരം: മുഴുവൻ ഉപഭോക്താക്കളെയും സ്മാർട്ട് മീറ്ററിലേക്ക് മാറ്റാനുള്ള കരാർ കെ.എസ്.ഇ.ബി അദാനിക്ക് നൽകിയേക്കും. മേയിൽ ടെൻഡർ ക്ഷണിച്ചപ്പോൾ അദാനി എനർജി സൊല്യൂഷൻസ് ഉൾപ്പെടെ 11കമ്പനികളാണ് എത്തിയത്. ഈ മാസം ടെൻഡർ തുറക്കും. മികച്ച ഓഫർ അദാനിയുടേതാണെന്നാണ് വിവരം.
സംസ്ഥാനത്ത് 1.40 കോടി വൈദ്യുതി ഉപഭോക്താക്കളുണ്ട്. സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, എച്ച്.ടി വിഭാഗം തുടങ്ങി 1.72 ലക്ഷം ഉപഭോക്താക്കളെ സ്മാർട്ട്മീറ്ററിലേക്ക് മാറ്റിക്കഴിഞ്ഞു. രണ്ടാംഘട്ടത്തിൽ സൗരോർജ ഉത്പാദകർ (പ്രൊസ്യൂമർ), മാസം150 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്നവർ, പുതിയ കണക്ഷൻ തുടങ്ങി 50 ലക്ഷം പേരെ സ്മാർട്ട് മീറ്ററിലേക്ക് മാറ്റും. ഇതിനുള്ള കരാറാണ് അദാനിക്ക് നൽകുക.
1.72 ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിച്ചത് കെ.എസ്.ഇ.ബി 65 കോടി വായ്പയെടുത്താണ്. കൊൽക്കത്തയിലെ ഇസ്‌ക്രാമെക്കോ കമ്പനിക്കാണ് കരാർ. എന്നാൽ ഇവരുടെ സോഫ്ടുവെയർ തകരാറിലായി. ഇതോടെ പഴയതു പോലെ മീറ്റർ റീഡിംഗ് എടുത്ത് ബിൽ നൽകുകയാണ്.
നടത്തിപ്പ് ചെലവ്, വിതരണം
അദാനി നോക്കും
1. സോഫ്ടുവെയർ ഉൾപ്പെടെ കൈമാറാം, വിതരണവും നടത്തിപ്പും മെയിന്റനൻസും ഏറ്റെടുക്കാം എന്ന മികച്ച ഓഫറാണ് അദാനിയുടേത്
2. ചെലവ് മുഴുവൻ അവർ വഹിക്കും. കെ.എസ്.ഇ.ബിക്ക് വായ്പാ ബാദ്ധ്യത വരില്ല. കടക്കെണിയിലായ ബോർഡിന് ആശ്വസമാകും
3. നേരത്തേ കൊൽക്കത്ത കമ്പനിക്ക് കരാർ നൽകിയപ്പോൾ, ചെലവിന്റെ 15% കേന്ദ്രം നൽകാമെന്നു പറഞ്ഞെങ്കിലും വാഗ്ദനം പാലിക്കപ്പെട്ടില്ല
മീറ്റർ വില 4000, മാസവാടക
31 രൂപ നൽകണം
പ്രീപെയ്ഡ് സ്മാർട്ട് മീറ്ററിന് 4000 രൂപയോളം വില വരും. ഇതും മാസം 31രൂപ വാടകയും നൽകണം. നിലവിൽ 800രൂപയുടെ മീറ്ററാണ് ഉപയോഗിക്കുന്നത്. വാടക 6 രൂപയും സിംഗിൾ ഫേസ് ഉപഭോക്താക്കൾക്കാണ് പ്രതിമാസം 31 രൂപ വാടക. ത്രീഫേസിന് 36 രൂപയാണ്. രണ്ടുമാസം കൂടുമ്പോഴുള്ള വൈദ്യുതി ബില്ലിൽ മീറ്റർവാടക നിലവിലെ 12 രൂപയ്ക്ക് പകരം 62, 72 രൂപ വീതമാകും. എൽ.ടി.സി.ടി ഉപഭോക്താക്കൾക്ക് 47രൂപയാണ് മാസവാടക.
സ്മാർട്ട് മീറ്റർ നേട്ടങ്ങൾ
ഉപയോഗിച്ച വൈദ്യുതിക്ക് മാത്രം പണം നൽകിയാൽ മതി
താമസമില്ലാത്ത വീടുകൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ട
വൈദ്യുതി മോഷണം തടയാം, ഉപഭോഗം സ്വയം നിയന്ത്രിക്കാം
സ്മാർട്ട് മീറ്റർ ചാർജ്ജ് ചെയ്ത് വൈദ്യുതി ഉപയോഗിച്ച് തുടങ്ങാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |