കൊല്ലം: സോളാർ തട്ടിപ്പ് കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള വ്യാജ ആരോപണങ്ങൾക്ക് പിന്നിൽ കെ ബി ഗണേശ്കുമാറിന്റെ ഗൂഢാലോചനയാണെന്ന് കെ ബാബു കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകി. അഡ്വ. സുധീർ ജേക്കബ് വാദിയായി ഫയൽ ചെയ്ത കേസിലാണിത്.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ താനും ഗണേശ്കുമാറും മന്ത്രിമാരായിരുന്നു. ഗണേശിനെ ഔദ്യോഗിക വസതിയിലെത്തി ഒരു സ്ത്രീയുടെ ഭർത്താവ് ഉപദ്രവിച്ചു. വിവാദങ്ങളെത്തുടർന്ന് ഗണേശിന് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടിവന്നു. ഇതിനിടെ ഉമ്മൻചാണ്ടി അടക്കമുള്ളവരുടെ മദ്ധ്യസ്ഥതയിൽ ഗണേശിന്റെ കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി ഭാര്യയുമായുള്ള ബന്ധം വേർപിരിഞ്ഞ് കേസുകൾ അവസാനിപ്പിച്ചു. ഗണേശ് മന്ത്രിസഭയിൽ തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും പിതാവ് ആർ.ബാലകൃഷ്ണപിള്ള അതിനെതിരായിരുന്നു.
2013ൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സർക്കാർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താനും ഉമ്മൻചാണ്ടിയും എറണാകുളം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുകയായിരുന്നു. രണ്ടുപേർ ഉമ്മൻചാണ്ടിയെ കാണാനെത്തി. അതിലൊരാൾ തന്റെ ഭാര്യയ്ക്ക് ഗണേശുമായി ബന്ധമുണ്ടെന്നും ഇടപടണമെന്നും ആവശ്യപ്പെട്ടു. പരാതി വന്നതിനാൽ ഉമ്മൻചാണ്ടിയും ഗണേശിനെ തിരിച്ചെടുക്കാൻ തയ്യാറായില്ല. ഇതോടെ യു.ഡി.എഫ് സർക്കാരിനെതിരെ ഗണേശ് പല നീക്കങ്ങളും നടത്തി.
സോളാർ റിന്യൂവൽ എനർജി കമ്പനി പണം വാങ്ങി പലരെയും പറ്റിച്ചെന്ന പരാതികളിൽ ഇതിനിടെ സരിത എസ്. നായർക്കെതിരെ കേസെടുത്തു. അറസ്റ്റിലായ സരിത പത്തനംതിട്ട ജയിലിൽ വച്ച് 21 പേജുള്ള കത്ത് തയ്യാറാക്കി അഡ്വ. ഫെനി ബാലകൃഷ്ണനെ ഏൽപ്പിച്ചിരുന്നതായി തനിക്കറിയാം. സോളാർ ജുഡിഷ്യൽ കമ്മിഷന്റെ തെളിവെടുപ്പ് വേളയിൽ ഈ കത്തെന്ന പേരിൽ 25 പേജുള്ളത് ഹാജരാക്കി. നാല് പേജുകൾ ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പിന്നീട് തയ്യാറാക്കിയതായിരുന്നു. അതിന് പിന്നിൽ ഗണേശ്കുമാറാണെന്നാണ് കെ.ബാബുവിന്റെ മൊഴി. അഡ്വ. ജോളി അലക്സ് മുഖേനയാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്.
K. Babu told the Kottarakkara Magistrate Court that K. B. Ganesh Kumar was behind the conspiracy to make false allegations against former Chief Minister Oommen Chandy in the solar scam case. The statement was made in a case filed by advocate Sudheer Jacob.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |