SignIn
Kerala Kaumudi Online
Monday, 24 August 2026 3.50 AM IST

'പാലക്കാട് ഡിവിഷൻ വിഭജിച്ചത് കർണാടക ബിജെപിയെ പ്രീണിപ്പിക്കാൻ'; പ്രതിഷേധിക്കുമെന്ന് വി.കെ ശ്രീകണ്ഠൻ

READ ENGLISH VERSION
vk-srikandan
വി.കെ ശ്രീകണ്ഠൻ

പാലക്കാട്: പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി വി.കെ ശ്രീകണ്ഠൻ എംപി രംഗത്ത്. സംസ്ഥാന സർക്കാരിനെയും കേരളത്തെയും അറിയിക്കാതെയുള്ള അർദ്ധരാത്രിയിലെ ഈ നീക്കം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിഭജനം ഉണ്ടാകില്ലെന്ന റെയിൽവെ മന്ത്രി കേരളത്തിന് നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണിതെന്നും വി.കെ ശ്രീകണ്ഠൻ എം.പി വ്യക്തമാക്കി.

മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കുന്നത് വഴി വരുമാനവും ഫണ്ടും കുറച്ച് ഈ ഡിവിഷനെ പൂർണ്ണമായും തകർക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും ശ്രീകണ്ഠൻ ആരോപിച്ചു. ജനവിരുദ്ധമായ റെയിൽവേയുടെ ഈ നീക്കത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടിയാണ് പാലക്കാട് റെയിൽവേ ഡിവിഷനെ വെട്ടിമുറിച്ചത്. കർണാടകയിലെ മംഗലാപുരം വരെ വിസ്തൃതി ഉണ്ടായിരുന്നത് കാസർകോടിന് അപ്പുറം വരെയായി ചുരുങ്ങി. മംഗലാപുരം മൈസൂരു റെയിൽവേ ഡിവിഷന്റെ ഭാഗമായി. റെയിൽവേ ബോർഡ് ഗസറ്റിൽ വിജ്ഞാപനം ചെയ്തു. ഒക്ടോബർ ഒന്നുമുതൽ പുതിയ മാറ്റം നിലവിൽ വരും. 2007ലും പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചിരുന്നു. അന്ന് കോയമ്പത്തൂർ ഭാഗം പുതുതായി രൂപീകരിച്ച സേലം ഡിവിഷനിൽ ഉൾപ്പെടുത്തി.

ഡിവിഷന്റെ വിസ്തൃതിയും ലൈനുകളുടെ എണ്ണവും കുറയുന്നതോടെ കേന്ദ്രബഡ്ജറ്റിൽ അനുവദിക്കുന്ന ഫണ്ടും കുറയും. ഇതു വികസനപദ്ധതികൾ നഷ്ടപ്പെടുത്തും. മൂന്നു സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഡിവിഷൻ എന്ന പ്രത്യേകത പാലക്കാടിന് ഉണ്ടായിരുന്നു. അതിന്റെ പരിഗണനയും ലഭിച്ചിരുന്നു. കോയമ്പത്തൂർ ഭാഗത്ത് പൊള്ളാച്ചിയിലേക്ക് പോകുന്ന പാതവരെ മാത്രമായി പാലക്കാടിന്റെ പരിധി നേരത്തേ ചുരുങ്ങി. ഇപ്പോൾ നേത്രാവതി പുഴയുടെ ഇക്കരെ കാസർകോട് നിന്ന് 35കിലോമീറ്റർ അകലെയുള്ള ഉള്ളാൽ വരെയായി ഡിവിഷൻ ചുരുങ്ങി. കേരളത്തിൽ തിരുവനന്തപുരവും മധുരയുമാണ് മറ്റ് ഡിവിഷനുകൾ.

മംഗലാപുരം ദക്ഷിണപശ്ചിമ റെയിൽവേയിലേക്ക് മാറും. കർണാടകത്തിലെ സ്റ്റേഷനുകൾ ഒരുമിച്ച് വരുന്നതാണ് വികസനത്തിന് നല്ലതെന്ന ജനപ്രതിനിധികളുടേയും കേന്ദ്രറെയിൽവേ സഹമന്ത്രി വി.സോമണ്ണയുടെയും താൽപര്യമനുസരിച്ചാണ് തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAKKAD DIVISION SPLIT, VK SRIKANDAN, KARNATAKA BJP, PALAKKAD RAILWAY DIVISION, KERALA POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA