SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 AM IST

മാസപ്പടി: പിണറായിയുടെ അപ്പീൽ നാളെ വീണ്ടും ഹൈക്കോടതിയിൽ

READ ENGLISH VERSION
aa

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടിൽ കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് നാളെ വീണ്ടും പരിഗണിക്കും.

അപ്പീൽ അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അപ്പീൽ കേൾക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കി. മറ്റൊരു ഡിവിഷൻ ബെഞ്ച് പരിഗണിക്കാനാണു സാദ്ധ്യത.

തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണു കേസെടുക്കാൻ നിർദ്ദേശിച്ചതെന്നും സാക്ഷി മൊഴികൾ പിന്നീട് പിൻവലിച്ചവയാണെന്നും വാദിക്കും. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തേ ഹൈക്കോടതി തള്ളിയതും ഇത് സുപ്രീം കോടതി ശരിവച്ചതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, കോഴിക്കോട് സ്വദേശികളായ പി. നിഖിൽ, കെ. വാരിസ്, ഷൈജൽ, എം. നന്ദുലാൽ എന്നിവരാണ് അപ്പീൽ നൽകിയത്.

നിയമ വിഷയമായി

പ്രാഥമികാന്വേഷണം

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം 66 (2) വകുപ്പ് പ്രകാരം ഇ.ഡി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണോ അതോ പ്രാഥമികാന്വേഷണം വേണോ എന്ന വിഷയമാണ് വീണ്ടും ചർച്ചയാകുന്നത്. പ്രാഥമിക അന്വേഷണം നടത്താനുള്ള സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. സർക്കാർ തീരുമാനം ശരിയാണെന്ന നിലപാടാണ് അപ്പീലിൽ സ്വീകരിച്ചിരിക്കുന്നത്.
ഇ.ഡി നൽകുന്ന വിവരത്തിനൊപ്പം കുറ്റകൃത്യം വ്യക്തമാക്കുന്ന വസ്തുതകളും ഉണ്ടെങ്കിൽ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ വിലയിരുത്തൽ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അഴിമതി കേസിലെ പ്രതികളെ കേൾക്കേണ്ടതില്ലെന്നും പ്രാഥമിക അന്വേഷണം ആവശ്യപ്പെടാൻ പ്രതികൾക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ അനുമതി നിഷേധിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYIVIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA