SignIn
Kerala Kaumudi Online
Friday, 24 July 2026 3.26 AM IST

മുത്തിപ്പാറയ്‌ക്ക് നാടകമേ ഉലകം, വിജയൻ ചേട്ടന്റെ ധന്യ തിയേറ്റർ അതിനുള്ള പ്രാണവായുവും

vijayan

വെഞ്ഞാറമൂട്: മുത്തിപ്പാറയുടെ പ്രാണനാണ് നാടകം. വിജയൻ ചേട്ടന്റെ ധന്യ തിയേറ്റർ അതിനുള്ള പ്രാണവായുവും. തിരുവനന്തപുരത്തെ മലയോര ഗ്രാമമായ മുത്തിപ്പാറയിൽ ജൂൺ മുതൽ ഡിസംബർ വരെ നാടകക്കാലമാണ്. പുല്ലമ്പാറ, മുത്തിപ്പാറ തടത്തരികത്ത് വീട്ടിൽ വിജയകുമാറിന്റെ (58) നേതൃത്വത്തിലുള്ള നാടക പരിശീലന കേന്ദ്രമാണ് ധന്യ തിയേറ്റർ. ഒരുവർഷം പത്ത് നാടകങ്ങളും അഞ്ച് ബാലെയും ഇവിടെ പരിശീലനം പൂർത്തിയാക്കുന്നുണ്ട്.

36 വർഷം നാടകങ്ങൾക്കായിആർട്ട് വർക്ക് ചെയ്തു. ചെറിയ വേഷങ്ങളിലും അഭിനയിച്ചു. ശാരീരിക അവശതകളുണ്ടെങ്കിലും നാടകം വിടാൻ തയ്യാറല്ല വിജയകുമാർ. നാല് വർഷം മുമ്പാണ് മുത്തിപ്പാറയിലെ വീടിനോട് ചേർന്നുള്ള എട്ട് സെന്റിൽ ധന്യ നാടക ഗ്രാമം സ്ഥാപിച്ചത്. മൂന്നാം വയസിൽ മരിച്ചു പോയ മകളുടെ പേരാണ് നാടക ഗ്രാമത്തിനിട്ടത്. നാടക പരിശീലനത്തിനും കാണികൾക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കി.

അഭിനയ പരിശീലനം, രംഗപടം ഒരുക്കൽ, കലാകാരന്മാർക്കുള്ള താമസവും ഭക്ഷണവും എല്ലാം ഇവിടെയുണ്ട്. കേരളത്തിലെ ഉത്സവപറമ്പുകളിൽ നിലയ്‌ക്കാത്ത കൈയടി നേടിയ നാടകങ്ങളിൽ ഭൂരിഭാഗത്തിന്റെ റിഹേഴ്സൽ ഇവിടെയായിരുന്നു. മുത്തിപ്പാറക്കാർക്കൊപ്പം വിജയനും കുടുംബവും ആദ്യ കാണികളാകും. നാടക പരിശീലനത്തിന് എത്തുന്നവർക്ക് വിജയനും ഭാര്യ കുമാരിയും മകൻ അനന്ദുവും മരുമകൾ ഗ്രീഷ്മയും ചേർന്നാണ് ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കുന്നത്.

 രംഗസജ്ജീകരണത്തിലും വിജയകുമാറെത്തും

നാടകങ്ങൾക്ക് രംഗസജ്ജീകരണം ഒരുക്കുന്നതിനും വിജയകുമാർ സഹായിക്കാറുണ്ട്. ഓരോ രംഗത്തിനുമൊപ്പംരംഗപടവും മാറ്റണം. പ്രോപ്പർട്ടീസ് കൃത്യ സ്ഥലങ്ങളിൽ വയ്ക്കണം. രംഗത്ത് ഇടയ്‌ക്ക് വന്നുപോകുന്ന ചെറു കഥാപാത്രങ്ങളായും എത്താറുണ്ട്. നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുമ്പോഴും വരുമാനം തീരെ കുറവായിരിക്കും. അവാർഡുകൾക്ക് പരിഗണിക്കപ്പെടാറില്ല.

വിജയകുമാർ എന്നാണ് യഥാർത്ഥ പേരെങ്കിലും നാട്ടിൽ 'കള്ളൻ വിജയൻ"എന്ന പേരിലാണ് അറിയപ്പെടുന്നത്. കുട്ടിയായിരിക്കെ വീട്ടുകാർ വാത്സല്യത്തോടെ വിളിച്ച കള്ളൻ വിളി പിന്നീട് പേരിനൊപ്പമായി. നാട്ടിൽ വന്നു വിജയനെ അന്വേഷിച്ചാൽ ആർക്കും അറിയില്ല. കള്ളൻ വിജയൻ എന്ന് ചോദിച്ചാലെ അറിയൂ എന്ന് വിജയൻ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA