SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

കൈക്കുഞ്ഞുമായി അമ്മ ട്രെയിനിന് മുന്നിൽ ചാടിയതിൽ ദുരൂഹത

a

മാവേലിക്കര: കൈക്കുഞ്ഞുമായി ട്രെയിന് മുന്നിൽ ചാടുകയും കുഞ്ഞ് മരിക്കുകയും അമ്മ പരിക്കുകളൊടെ രക്ഷപ്പെടുകയും ചെയ്ത സംഭവത്തിൽ ദുരുഹത തുടരുന്നു. മാവേലിക്കര പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിത് (2) ആണ് ട്രെയിൻ തട്ടി മരിച്ചത്. അമ്മ അഖില (31) പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ട് 6.45നാണ് ളാഹ റെയിൽവേ ഗേറ്റിന് സമീപം അഖില അക്ഷിതിനേയും കൊണ്ട് കോട്ടയം ഭാഗത്തേക്ക് പോയ ട്രെയിന് മുന്നിൽ ചാടാനെത്തിയത്. എന്നാൽ,​ ട്രെയിൻ അടുത്തുവരുന്നത് കണ്ട് ട്രാക്കിൽ നിന്ന് മാറാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിൻ തട്ടി ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റ അക്ഷിത് മരിച്ചിരുന്നു. കൈകൾക്ക് പരിക്കേറ്റ അഖിലയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവർ മാനസികാരോഗ്യ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അഖിലയുടെ മാനസികാ രോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം.

ആത്മഹത്യാശ്രമം എന്തിന്?​

പുന്നംമൂട്ടിലെ ജീവാറാം സെന്ററിൽ തൂപ്പുജോലിക്കാരിയായ അഖില വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് കുട്ടിയേയും കൂട്ടി ആത്മഹത്യ ശ്രമം നടത്തിയത്. അക്ഷിതിനും സിജുവിന്റെ വിദേശത്തുള്ള സഹോദരിയുടെ മകൾക്കും ആഹാര സാധനങ്ങളും വാങ്ങിയാണ് അവർ വീട്ടിലെത്തിയത്. ശരീരത്തിന്റെ ചലന ശേഷിയെപ്പോലും ബാധിക്കുന്ന തരത്തിൽ രോഗബാധിതനായി സിജു, സഹോദരിയുടെ മകളെ കളിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഖില മകനേയും എടുത്ത് പുറത്തേക്ക് പോയത്. എന്നാൽ,​ ആത്മഹത്യാശ്രമത്തിന് പ്രേരണയായ എന്ത് സംഭവമാണ് ഇതിനിടെ അവിടെ ഉണ്ടായതെന്ന് ഇനിയും വ്യക്തമല്ല.

സിജുവിന്റെ പിതാവ് ശിവൻ ജോണിന് കഴിഞ്ഞ ദിവസം തെന്നി വീണ് പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സിജു - അഖില ദമ്പതികളുടെ മൂത്ത മകൾ മൂന്ന് വയസുകാരി അമയ കഴിഞ്ഞവർഷം വൃക്ക സംബന്ധമായ അസുഖത്താൽ മരിച്ചിരുന്നു.

മാനസികാരോഗ്യ വിഭാഗത്തിൽ നിരീക്ഷണത്തിലുള്ള അഖിലയെ ചോദ്യം ചെയ്താലേ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച കാരണം വ്യക്തമാകു എന്നാണ് പൊലീസ് പറയുന്നത്. അക്ഷിതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL