SignIn
Kerala Kaumudi Online
Monday, 24 August 2026 3.41 AM IST

കർക്കടകവാവ്: മണപ്പുറത്ത് മുന്നൊരുക്കം ഇന്നാരംഭിക്കും

ആലുവ: മഴയ്ക്ക് താത്കാലിക ശമനമുണ്ടാകുകയും പെരിയാറിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ ആലുവ മണപ്പുറത്ത് കർക്കടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾക്ക് ഇന്ന് തുടക്കമാകും. ഈ മാസം 12നാണ് ബലിതർപ്പണം.

മഹാദേവ ക്ഷേത്രത്തിലെയും കടവുകളിലെയും ചെളിയും മണപ്പുറത്തെ പുല്ലും വള്ളിപ്പടർപ്പുകളും നീക്കം ചെയ്യും. മഴയെ തുടർന്ന് പെരിയാർ കരകവിഞ്ഞ് ഒഴുകിയതിനാൽ ബലിതർപ്പണം ആശങ്കയിലായിരുന്നു. താത്കാലിക ബലിത്തറകളുടെ ലേലം മാത്രമാണ് നടന്നത്. പലവട്ടം ലേലം നടത്തിയിട്ടും 36 പുരോഹിതന്മാരാണ് ബലിത്തറയെടുത്തത്. ഭീമമായ തുകയും മഴപ്പേടിയുമാണ് പുരോഹിതർ വിട്ടുനിൽക്കാൻ കാരണം.

കടവുകളിൽ നിന്ന് ചെളി പൂർണമായി നീക്കിയില്ലെങ്കിൽ ബലിതർപ്പണത്തിനെത്തുന്നവർ ചെളിയഭിഷേകം നടത്തേണ്ട സാഹചര്യമുണ്ടാകും.

ശിവരാത്രി കഴിഞ്ഞാൽ ഏറ്റവും അധികം പേർ മണപ്പുറത്ത് ബലിയിടാനെത്തുന്നത് കർക്കടകവാവിനാണ്. ഏകദേശം ഒരു ലക്ഷത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേവസ്വം ബോർഡിന്റെ മെല്ലെപ്പോക്കാണ് ഭക്തരെ ആശങ്കയിലാക്കുന്നത്.

മതിയായ സുരക്ഷയൊരുക്കും

കർക്കടകവാവ് ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്ക് മതിയായ സൗകര്യമൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. മണപ്പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കും. നീന്തൽ വിദഗ്ദ്ധരും സ്കൂബ ടീമും ഉണ്ടാകും. കുടിവെള്ള വിതരണവും ഉണ്ടാകും. വെള്ളം, വൈദ്യുതി എന്നിവ മുടങ്ങാതിരിക്കാൻ നടപടിയുണ്ടാകും. അവലോകന യോഗം ദേവസ്വം ബോർഡ് മെമ്പർ പി.ഡി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, തഹസിൽദാർ ടിജോ ടി. ഫ്രാൻസിസ്, മണപ്പുറം അഡ്മിനിസ്ട്രേറ്റർ സുജാത ഉദയൻ എന്നിവർ സംസാരിച്ചു.

മണപ്പുറം ദേവസ്വത്തിന്റെ പ്രവർത്തനങ്ങളിൽ ഉപദേശക സമിതിക്കും പരാതിയുണ്ട്. ഉച്ചയ്ക്ക് ശേഷം വിളിച്ചിരുന്ന അവലോകന യോഗം രാവിലെയാക്കിയത് അവസാന നിമിഷമാണ് അറിയിച്ചത്. പതിറ്റാണ്ടുകളായി നടന്നുവരുന്ന നിറപുത്തരിയും ഇക്കുറി മുടങ്ങി. ആറാട്ടു വിളക്കിന് ശേഷം സ്വയംഭൂ വിഗ്രഹം കാണാമായിരുന്നിട്ടും നിറപുത്തരി മുടങ്ങിയത് ഗുരുതരവീഴ്ചയാണ്.

മധുസുദനൻ,

സെക്രട്ടറി,

മഹാദേവ ക്ഷേത്ര

ഉപദേശക സമിതി.

മണപ്പുറം ക്ഷേത്രത്തിലെ നിറപുത്തരി ഇക്കുറി ഒഴിവാക്കിയത് തന്ത്രിയുടെയും മേൽശാന്തിയുടെയും നിർദ്ദേശപ്രകാരമാണ്. ക്ഷേത്രത്തിൽ വെള്ളം കയറിയതിനാൽ പ്രദക്ഷിണം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നിറപുത്തരി ഒഴിവാക്കിയത്.

സുജാത ഉദയൻ

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,

മണപ്പുറം ക്ഷേത്രം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MANAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL