SignIn
Kerala Kaumudi Online
Sunday, 11 October 2026 2.17 AM IST

'കുരുക്കായി' കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ സിഗ്നൽ സംവിധാനം,​ വ്യാപക പരാതി

traffic
കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ ഇന്നലെയുണ്ടായ ഗതാഗതക്കുരുക്ക്

തൊടുപുഴ: കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ പുതുതായി ഏർപ്പെടുത്തിയ ട്രാഫിക് സിഗ്നൽ സംവിധാനം യാത്രക്കാർക്കും പൊതുജനങ്ങൾക്കും ദുരിതമാകുന്നതായി പരാതി. സിഗ്നൽ സംവിധാനത്തിലെ സമയക്കുറവാണ് പലപ്പോഴും ഗതാഗതത്തിന് കാരണമാകുന്നത്. ഇതോടെ ഗാന്ധിസ്ക്വയർ മുതൽ മോർ ജംഗ്ഷൻ വരെയും ഇവിടെ നിന്ന് മാരിയിൽ കലുങ്ക്പാലം വരെയും ഗതാഗതക്കുരുക്ക് പലപ്പോഴും രൂക്ഷമാകുന്നതായി പരാതിയുണ്ട്. രാവിലെയും വൈകിട്ടും സ്കൂൾ- ഓഫീസ് സമയത്താണ് കൂടുതലും തിരക്ക്. ഇതോടെ സിഗ്നൽ സംവിധാനം അടിയന്തരമായി നിറുത്തിവയ്ക്കണമെന്നും ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികൃതർക്കും ബസ് ഉടമകളും പൊതുപ്രവർത്തകരുമടക്കം പരാതി നൽകിയിരിക്കുകയാണ്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും മറ്റ് വാഹനങ്ങളും ഒരേ സമയം ജംഗ്ഷനിൽ കുടുങ്ങുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവായതോടെ സമയനഷ്ടം ഒഴിവാക്കാൻ ചില ബസുകൾ അമിതവേഗത്തിൽ നഗരത്തിലൂടെ ഓടുന്നതായും ഇത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നതായും പരാതിയുണ്ട്.

 തടസം പലതുണ്ട്

മുട്ടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഉ‍ൾപ്പെടെ ഫ്രീ ലെഫ്റ്റ് സംവിധാനം ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. പലയിടത്തും ഓടയുടെ സ്ലാബുകൾ ഒടിഞ്ഞ് അപകടാവസ്ഥയിലായതും പ്രതിസന്ധിയാണ്. ഇതിന് പുറമേ ബസ് സ്റ്റോപ്പുകളിലെ തിരക്ക്, ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ, റോഡരികിലെ അനധികൃത പാർക്കിംഗ്, നടപ്പാതകളിലെ കൈയേറ്റങ്ങൾ എന്നിവയും ഗതാഗത തടസത്തിന് കാരണമാണ്. ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗങ്ങളിൽ വ്യാപാരികൾ, സ്വകാര്യ ബസ് ഉടമകൾ, കെ.എസ്.ആർ.ടി.സി അധികൃതർ, ഓട്ടോ തൊഴിലാളി യൂണിയനുകൾ, സാമൂഹിക സംഘടനകൾ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി തീരുമാനങ്ങൾ എടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ശരിയായ രീതിയിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. സിഗ്നൽ പ്രവർത്തിപ്പിക്കാൻ തുടങ്ങിയതോടെ മുമ്പ് രണ്ടു പൊലീസുകാർ വീതം ഡ്യൂട്ടി ചെയ്തിരുന്നിടത്ത് ഇപ്പോൾ നാല് പൊലീസുകാർ ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയാണ്. ഇവർക്ക് വെയിലത്തും മഴയത്തും സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യമില്ലാത്തതും മറ്റൊരു പ്രശ്നമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL