കണ്ണൂർ: നഗരത്തിലെ വിവിധയിടങ്ങളിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യാതെ കണ്ണൂർ കോർപറേഷൻ. ഫോർട്ട് റോഡിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന റോഡിനോട് ചേർന്ന പ്രദേശത്ത് ആഴ്ചകളായി മാലിന്യം കെട്ടികിടക്കുകയാണ്. ഇതുവഴി നടക്കാൻ പോലും സാധിക്കാത്ത തരത്തിലാണ് ദുർഗന്ധം.
പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പറുകളും, ഭക്ഷണാവശിഷ്ടങ്ങളും അടിഞ്ഞുകൂടിയാണ് ഇവിടം ദുർഗന്ധം പരക്കുന്നത്. നഗരത്തിലെ വിവിധ വഴിയോരങ്ങളിൽ ഭക്ഷണസാധനങ്ങൾ നിക്ഷേപിക്കുന്നതും പതിവുകാഴ്ചയാണ്. ഇതുമൂലം വഴിയോര യാത്രക്കാരും വ്യാപാരികളുമാണ് പൊറുതിമുട്ടുന്നത്. കാൾടെക്സ്, പഴയ ബസ് സ്റ്റാൻഡ് പരിസരം, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ വഴിയോരങ്ങളിൽ പ്ലാസ്റ്റിക്, ഭക്ഷണ സാധനങ്ങൾ എന്നിവ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും അധികൃതർക്ക് തടയാൻ സാധിക്കുന്നില്ല. ഇത്തരക്കാരെ കണ്ടെത്താൻ നഗരത്തിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
തെരുവുനായകൾ തമ്പടിക്കുന്നു
നഗരത്തിന്റെ വിവിധയിടങ്ങളിൽ തെരുവുകളിൽ ഭക്ഷ്യ അവശിഷ്ടങ്ങളും മാലിന്യങ്ങളും ഒഴിയാത്തതാണ് തെരുവുനായ്ക്കളും കന്നുകാലികളും നഗരത്തിൽ തമ്പടിക്കുന്നതിന്റെ പ്രധാന കാരണം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ കോർപ്പറേഷൻ നടപടി ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കാൾടെക്സ്, പഴയ ബസ് സ്റ്റാൻഡ് പരിസരം, റെയിൽവെ സ്റ്റേഷൻ റോഡ് എന്നിവടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതിന്റെ പ്രധാന കാരണം അലക്ഷ്യമായി ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതാണ്.
പകർച്ചവ്യാധി ഭീഷണിയും
കണ്ണൂർ കോർപറേഷനിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർണമായും നടത്തിയിട്ടില്ലെന്ന ആക്ഷേപവും ഇതിനിടെ ഉയരുന്നുണ്ട്. പനിയും മറ്റു പകർച്ച വ്യാധികളും പടരുന്നതിനിടയിലാണ് വഴിയോരങ്ങളിൽ മാലിന്യം നിർബാധം തള്ളുന്നത്. മാലിന്യം മൂലം പകർച്ചവ്യാധികൾ പടരാൻ സാദ്ധ്യത കൂടുതലുമാണ്. മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |