
കണ്ണൂർ : കേൾക്കാൻ മനുഷ്യരുണ്ടാകുമ്പോഴാണ് നമുക്കെല്ലാം തുറന്ന് പറയാൻ ഒരു ഇടമുണ്ടാകുന്നത്.എം.എസ്.സി സൈക്കോളജി വിദ്യാർത്ഥി കൂടിയായ ഉളിക്കൽ സ്വദേശി ഫരീദ ഫാറൂഖിന് കേൾക്കാനും പറയാനും എഴുതാനും ഒരുപാടുണ്ട്. എഴുത്തുകാരിയായ ഫരീദ തന്റെ ഇൻസ്റ്റാഗ്രാം റീലുകളിലൂടെ കഥകളെ കുറിച്ചും കവിതകളെ കുറിച്ചും പങ്കു വയ്ക്കുമ്പോൾ അത് കേൾക്കാൾ മുന്നിൽ നിരവധി പേരാണ്.
രണ്ട് വർഷം മുമ്പാണ് ഖലീൽ ജിബ്രാന്റെ കവിതയെക്കുറിച്ച് ആദ്യമായി ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കു വയ്ക്കുന്നത്.ഇതിന് ആറ് ലക്ഷത്തിലേറെ വ്യൂവേഴ്സിനെ കിട്ടി.ഇതോടെയാണ് കൂടുതൽ പുസ്തകങ്ങളെ കുറിച്ച് പറയാനുള്ള ആത്മ വിശ്വാസം ലഭിച്ചത് . പിന്നീട് തന്റേതായ കവിതകളെഴുതി ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെക്കാൻ തുടങ്ങി.
'വറ്റിപ്പോകരുത് ,നമുക്കിനിയും ഒഴുകാനുണ്ട്,വഴിയിലൊരു വസന്തകാലം നമ്മളെയും കാത്തിരിപ്പുണ്ട്,പിറകെ വരുന്ന മനുഷ്യർക്ക് വഴികാണിക്കാനൊരു പൂക്കാലം അടയാളപ്പെടുത്തണം നമുക്ക്,വരൂ ഒഴുകാം,കടലു കാണേണ്ടേ നമുക്ക് ?,എവിടെയൊക്കെയാണ് നമ്മൾ നമ്മളെ കൊളുത്തിയിടുന്നത് ?,ചില മനുഷ്യരിൽ ചിലയിടങ്ങളിൽ,ചില മണങ്ങളിൽ,ചില പാട്ടുകളിൽ ,ഒരു ചായയിൽ,എത്ര മനുഷ്യരാണ് ,അവരെ കൊളുത്തിവെച്ച് ഇറങ്ങിപ്പോയത് !പകുത്തു നൽകിയപ്പോൾ വേദനച്ചില്ല ,തിരിച്ചേൽപ്പിച്ചപ്പോൾ മാത്രം എനിക്കൊന്ന് നൊന്തു എന്നിങ്ങനെയാണ് ഫരീദ എഴുതിത്തുടങ്ങിയത്.
മികച്ച പിന്തുണ ലഭിച്ചതോടെ കൂടുതൽ കവിതകളെഴുതാൻ തുടങ്ങി.പിന്നീട് 110 കവിതകൾ ചേർത്തിണക്കി മണ്ണിലായി ചെരുന്ന ചുംബനങ്ങൾ എന്ന ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം നവംബറിൽ എഴുത്തുകാരൻ പി.കെ.പാറക്കടവാണ് പുസ്തകം പ്രകാശനം ചെയ്തത്. നിലവിൽ 23,000 പേർ ഫരീദയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ട്. കുടുംബത്തിൽ നിന്നും മികച്ച പിന്തുണ ഫരീദയ്ക്കുണ്ട്.കെ.ഫസലുദ്ദീന്റെയും കെ.റഷീദയുടേയും മകളാണ്.ഭർത്താവ് എം.കെ.മുഹമ്മദ് ഫറൂഖ് .അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജ് വിദ്യാർത്ഥിയാണ് ഫരീദ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |