
ആലപ്പുഴ: തുറവൂരിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ തമിഴ്നാട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. തുറവൂർ പഞ്ചായത്ത് ഏഴാംവാർഡ് വികാരത്തിൽ പുത്തൻതറ കിഴക്കേ നികാരത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (44) ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി-രണ്ട് ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
തമിഴ്നാട് കടലൂർ ജില്ലയിൽ വിരുതാചലം താലൂക്കിൽ സാത്തുകുടൽ വില്ലേജിൽ സ്ട്രീറ്റ്കോളനിയിൽ പഴനിവേലിനെ (52) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
2024 ആഗസ്റ്റ് എട്ടിന് രാത്രിയായിരുന്നു സംഭവം. തുറവൂർ ക്ഷേത്രത്തിന് വടക്കുവശത്തെ കടത്തിണ്ണയിലാണ് പഴനിവേൽ സ്ഥിരമായി കിടന്നുറങ്ങിയിരുന്നത്. ആ സ്ഥലത്തുനിന്ന് മാറണമെന്ന് ആവശ്യപ്പെട്ട് തെങ്ങുകയറ്റത്തൊളിലാളിയായ പ്രതി, പഴനിവേലിനെ ഉപദ്രവിച്ചശേഷം സഞ്ചിയിൽ കരുതിയിരുന്ന വെട്ടരിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുത്തിയതോട് പൊലീസ് അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു. കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ അജയമോഹനനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്.എ.ശ്രീമോൻ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾക്ക് സിവിൽ സി.പി.ഒ മാരായ മാത്യു, ആൻസൺ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |