കാസർകോട്: കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം വിവാദവുമായി ബന്ധപ്പെട്ട് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തിരുന്ന അഞ്ച് വിദ്യാർത്ഥി നേതാക്കളുടെ സസ്പെൻഷൻ സർവകലാശാല അധികൃതർ പിൻവലിച്ചു. വെള്ളിയാഴ്ച സസ്പെൻഷൻ പിൻവലിച്ച നടപടി പ്രാബല്യത്തിൽ വരും. അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഈ മാസം എട്ടിനാണ് വന്ദേമാതരം വിവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അഞ്ച് വിദ്യാർഥി നേതാക്കളെ സർവകലാശാല അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്. നടപടിക്കെതിരെ വിദ്യാർത്ഥി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സർവകലാശാലാ ക്യാമ്പസ് തുടർസമരങ്ങളുടെ വേദിയായി മാറി. സസ്പെൻഷൻ നടപടിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി ആദ്യം രൂപീകരിച്ച അന്വേഷണ സമിതിയിൽ സർവകലാശാല പ്രോക്ടർ പ്രൊഫസർ പി. ശ്രീകുമാറിനെ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ തുടർന്ന് പ്രോക്ടറെ മാറ്റി പുതിയ അന്വേഷണ സമിതി രൂപീകരിക്കുകയായിരുന്നു.
സസ്പെൻഷൻ പിൻവലിക്കുന്നതോടെ വിദ്യാർത്ഥികൾക്ക് സർവകലാശാലയിലെ പഠന പ്രവർത്തനങ്ങളിലും മറ്റ് അക്കാഡമിക കാര്യങ്ങളിലും തിരിച്ചെത്താൻ വഴിയൊരുങ്ങി. സസ്പെൻഡ് ചെയ്തവരിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എസ്. സയ്യിദ് അലി, സെക്രട്ടേറിയറ്റ് അംഗം വി.ബി. ആവേദ്, എൻ.എസ്.യു നേതാവ് എം. യാസീൻ, എം.എസ്.എഫ് നേതാക്കളായ ഷബീർ, തഖിയുദ്ദീൻ എന്നിവരാണ് ഉണ്ടായിരുന്നത്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും തുടർന്ന് ക്യാമ്പസിലുണ്ടായ സംഘർഷവുമാണ് വിവാദത്തിന് തുടക്കമിട്ടത്.
വിദ്യാർഥി നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും, അന്വേഷണത്തിന്റെ തുടർനടപടികൾ എന്തായിരിക്കുമെന്നതിലാണ് ഇനി ശ്രദ്ധ. പുതിയ അന്വേഷണ സമിതിയുടെ അന്തിമ റിപ്പോർട്ടും തുടർ തീരുമാനങ്ങളും നിർണായകമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |