കൊല്ലം: ഒാട്ടോമേറ്റഡ് സംവിധാനത്തിലൂടെയേ വാഹന ഫിറ്റ്നസ് പരിശോധന നടത്തുകയുള്ളൂ എന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് വാഹന ഉടമകളുമായി ആശ്രാമം മൈതാനത്ത് മണിക്കൂറുകളോളം തർക്കം സൃഷ്ടിച്ചു. നൂറിലേറെ വാഹനങ്ങളാണ് ഇന്നലെ പരിശോധനയ്ക്ക് എത്തിയത്.
ജില്ലയിൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. അതിനിടെ കേന്ദ്ര സർക്കാർ 2019 ഏപ്രിലിന് മുമ്പ് നിരത്തിലിറങ്ങിയ വാഹനങ്ങൾക്കും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് നിർബന്ധമാക്കി. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് കിട്ടാനുള്ള കാലതാമസം കാരണം ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സെന്ററിൽ ഫിറ്റ്നസ് പരിശോധന നടത്താൻ കഴിയാത്ത അവസ്ഥയായി. ഇതോടെ സംസ്ഥാന സർക്കാർ രണ്ടാഴ്ച ഉദ്യോഗസ്ഥർ നേരിട്ട് ഫിറ്റ്നസ് പരിശോധന നടത്താൻ അനുമതി നൽകി. ഈ സമയം പ്രയോജനപ്പെടുത്താൻ വാഹന ഉടമകൾ കൂട്ടത്തോടെ ഫിറ്റ്നസ് പരിശോധനയ്ക്ക് പണം അടച്ചു. പക്ഷെ ആശ്രാമം മൈതാനത്ത് ദിവസം 200 വാഹനങ്ങളുടെ പരിശോധന മാത്രമാണ് നടന്നത്. അതിനിടയിൽ മാനുവൽ ഫിറ്റ്നസ് ടെസ്റ്റിന് സംസ്ഥാന സർക്കാർ നീട്ടിനൽകിയ സമയം വെള്ളിയാഴ്ച അവസാനിച്ചു.
നേരത്തെ ഫീസടച്ചവർ കൂട്ടത്തോടെ ഇന്നലെ ആശ്രാമം മൈതാനത്ത് ഫിറ്റ്നസ് പരിശോധനയ്ക്കായി എത്തി. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ പോർട്ടലിൽ ഉദ്യോഗസ്ഥർ ഫിറ്റ്നസ് പരിശോധന നടത്താനുള്ള സൗകര്യം വീണ്ടും തടഞ്ഞിരുന്നു. ഉദ്യോഗസ്ഥർ നിസഹായത പങ്കുവച്ചതോടെ വാഹന ഉടമകൾ പ്രതിഷേധിച്ചു. സംഭവം അറിഞ്ഞ് ഈസ്റ്റ് പൊലീസും സ്ഥലത്തെത്തി. തുടർന്ന് വാഹന ഉടമകളും ഡ്രൈവർമാരും ഏജന്റുമാരും യൂണിയൻ നേതാക്കളും മോട്ടർ വാഹന വകുപ്പ് ഒാഫീസിലേക്ക് മാർച്ച് നടത്തി. ഒടുവിൽ ഗതാഗത വകുപ്പ് മന്ത്രി പ്രശ്നത്തിൽ ഇടപെട്ടു. ഫീസ് അടച്ച എല്ലാ വാഹനങ്ങളുടെയും പരിശോധന ഉദ്യോഗസ്ഥർ തന്നെ നടത്താൻ നിർദേശിച്ചു. തുടർന്ന് പതിനൊന്നോടെ വാഹന പരിശോധന ആരംഭിച്ചു. ഒന്നരയോടെ പരമാവധി വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |