
കോട്ടയം: കാലവർഷം ശക്തമാകും മുമ്പ് രണ്ടാം കൃഷിക്ക് വിത നടത്തേണ്ടതാണെങ്കിലും കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും വിത്ത് എത്തിയില്ല. പാലക്കാട്ടെ വിവിധ പാടശേഖരങ്ങളിൽ നിന്ന് സംഭരിച്ച ഉമ വിത്താണ് സീ ഡ് അതോറിട്ടിയുടെ നേതൃത്വത്തിൽ എത്തിക്കേണ്ടത്. ജൂൺ ആദ്യമാണ് വിത ആരംഭിക്കേണ്ടത്. മഴ ശക്തമാകും മുമ്പ് വിത്തു കിളിർക്കണം. വെള്ളം പൊങ്ങിയാൽ വിത്തു നശിക്കും. സബ്സിഡി നിരക്കിൽ പിന്നീട് വിത്തു കിട്ടില്ല. കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകും.
ഒരു ഹെക്ടർ പാടത്തേക്ക് 100 കിലോ വിത്താണ് വേണ്ടത്. വില കിലോയ്ക്ക് 42 രൂപയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ വിത്തിന് വില കൂടുതലും ഗുണനിലവാരം കുറവുമാണ്.
പാടശേഖരങ്ങളുടെ പുറം ബണ്ടുകളിലും തുരുത്തുകളിലും താമസിക്കുന്ന കുടുംബങ്ങൾക്ക് വെള്ളപ്പൊക്കമായതോടെ ശുചിമുറി പോലും ഉപയോഗിക്കാനാവാതായി. വെള്ളം നിറഞ്ഞ പാട വരമ്പിലൂടെയാണ് കുട്ടികളെ സ്കൂളിൽ അയക്കുന്നത്. ഇഴ ജന്തുക്കളുടെ ശല്യം വർദ്ധിച്ചു.
കൊയ്തു കഴിഞ്ഞ പാടങ്ങളിലേക്ക് അടുത്ത കൃഷിക്ക് വെള്ളം കയറ്റിയതിനൊപ്പം തോരാമഴയുമെത്തിയതോടെ പാടങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കമായി. പച്ചക്കറി കൃഷിയും വെള്ളത്തിലായി. നടീൽ വസ്തുക്കൾ ചീഞ്ഞഴുകിയതോടെ വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
നേരത്തേ സംഭരിച്ച നെല്ലിന്റെ പണം കിട്ടിയിട്ടില്ല
പുതിയ സർക്കാർ അധികാരത്തിലെത്തിയിട്ടും കഴിഞ്ഞ കൃഷിയുടെ നെല്ല് സംഭരിച്ച പണം പൂർണമായി കൊടുത്തു തീർത്തിട്ടില്ല.
മാർച്ച് പകുതിക്ക് ശേഷം നെല്ല് സംഭരിച്ചവരുടെ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല.
എസ്.ബി.ഐ , കാനറാ ബാങ്ക് കൺസോർഷ്യമാണ് പി.ആർ.എസ് അനുസരിച്ച് പണം നൽകുന്നത്. ബാങ്കുകളുടെ കുടിശിക വർദ്ധിച്ചതോടെയാണ് പണം നൽകുന്നത് നിറുത്തിയത്.
105 കോടി രൂപയോളം കർഷകർക്ക് ഇനിയും ലഭിക്കാനുണ്ട്.
അടുത്ത കൃഷിയോടെ സഹകരണ ബാങ്കുകളെക്കൂടി കൺസോർഷ്യത്തിൽ കൊണ്ടു വരാനും സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കാനും ഇടതു സർക്കാർ തീരുമാനിച്ചിരുന്നു.
പാലക്കാട് സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിച്ചിരുന്നു. യു.ഡി.എഫ് സർക്കാർ എത്തിയതോടെ സഹകരണ സംഘങ്ങളെ ഒഴിവാക്കി സപ്ലൈക്കോവഴി നെല്ല് സംഭരിക്കാനും എസ്.ബി.ഐ ,കാനറാ ബാങ്കുവഴി പണം നൽകാനുമാണ് തീരുമാനിച്ചിട്ടുള്ളത്.
നെല്ല് സംഭരണത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കും. നെല്ല്ഇനി പാടത്തു കിടന്നു നശിക്കില്ല. മില്ലുടമകളുമായി ചർച്ച നടത്തി പ്രശ്ന പരിഹാരമുണ്ടാക്കും
അനൂപ് ജേക്കബ്
ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |