പാലക്കാട്: കേരളത്തിൽ എല്ലാ മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികൾ സ്ഥാനം പിടിച്ചുകഴിഞ്ഞു. കേരളത്തിന്റെ നെല്ലറയിൽ ഞാറ് നടാനും ഇന്ന് ഭായിമാരാണ്. ഞാറ് നടാനും കൊയ്യാനും മലയാളികളെ കിട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി. കരാർ വ്യവസ്ഥയിലാണ് ഭായിമാരെ ഏജന്റുമാർ എത്തിക്കുന്നത്. ഒരു ഏക്കർ വയലിൽ ഞാറു നടാൻ അതിഥി തൊഴിലാളികൾ എട്ടുപേർക്ക് 4,500 രൂപയാണ് നൽകേണ്ടത്. മലയാളികളാണെങ്കിൽ 5,500 രൂപ നൽകണം. ഭായിമാരാണെങ്കിൽ എട്ടുപേർ 30 പറ കണ്ടത്തിൽ ഒരു ദിവസം കൊണ്ട് ഞാറുനടും. മലയാളികളാണെങ്കിൽ ഒരു ദിവസത്തേക്ക് 30 പേരെ ആവശ്യമാണെന്ന് കർഷകർ പറയുന്നു. അഞ്ചു പേരാണ് ഉള്ളതെങ്കിൽ ആറ് ദിവസമെടുക്കും. 30 പറനിലത്തിൽ ഞാറു നട്ടു പൂർത്തിയാക്കാൻ. അത് കർഷകർക്ക് നഷ്ടമാണ്. ബംഗാളിൽ നിന്നാണ് പ്രധാനമായും തൊഴിലാളികൾ എത്തുന്നത്. കൂലിക്ക് പുറമേ അവർക്ക് ഭക്ഷണവും നൽകണം. നാടൻ തൊഴിലാളികളുടെ ലഭ്യതയും അവർക്ക് ജോലിവേഗവും കുറവാണ്. ഒരുകാലത്ത് നമ്മൾ അഭിമാനമായി കൊണ്ടു നടന്നിരുന്ന മേഖലയാണ് നെൽ കൃഷി. എന്നാൽ ഇന്ന് വളരെ ബുദ്ധിമുട്ടും ചിലവുമേറിയ കാര്യമായി അത് മാറിയിരിക്കുന്നു. രണ്ടാം വിളയുടെ നെല്ല് സംഭരിച്ചതിന്റെ പി.ആർ.എസ് ഇതുവരെ ലഭിക്കാത്ത കർഷകരുണ്ട്. അതിനിടയിൽ തൊഴിലാളികളുടെ ലഭ്യതക്കുറവും കർഷകർക്ക് പ്രയാസമാണ്. മലയാളികളും ബംഗാളികളും ഞാറുനടന്നതിൽ വലിയ വ്യത്യാസമുണ്ട്. ബംഗാളികൾ ഞാറ് മണ്ണിൽ തൊടുത്തുവയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ നാടൻ തൊഴിലാളികൾ ഒടിഞ്ഞു പോകാതിരിക്കാൻ ആഴത്തിൽ നടും. അതുകൊണ്ട് മേൽമണ്ണിൽ നൽകുന്ന വളങ്ങൾ ചെടിയുടെ വേരിലേക്ക് ഇറങ്ങാൻ താമസമെടുക്കുകയും ചെടി പാകമാകാൻ സമയമെടുക്കുകയും ചെയ്യും. അതിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കി കൊടുത്താലും ചെയ്തുവരുന്ന ശീലം മാറ്റാൻ മലയാളികൾ തയ്യാറാകുന്നില്ലെന്ന് കർഷകനായ വാസുദേവൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |