SignIn
Kerala Kaumudi Online
Thursday, 16 July 2026 2.43 AM IST

പട്ടാമ്പി ബസ് സ്റ്റാൻഡിൽ കാത്തിരിക്കുന്നത് തകർന്ന ഇരിപ്പിടങ്ങൾ

stand

പട്ടാമ്പി: ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് വെയിറ്റിംഗ് ഷെഡിൽ തുരുമ്പെടുത്ത കസേരകളും ഇരുമ്പ് കമ്പികളും. ദീർഘദൂര യാത്രകൾക്കും ബസുകൾ മാറിക്കയറുന്ന യാത്രക്കാർക്കും ഒരുപോലെ ആശ്വാസമായിരുന്നു പട്ടാമ്പി നഗരസഭാ ബസ് സ്റ്റാൻഡ്. ഇരിപ്പിടങ്ങൾ തകർന്ന് തരിപ്പണമായതോടെ നോക്കുകുത്തിയായി. കഴിഞ്ഞ നാലു വർഷത്തോളമായി പട്ടാമ്പി ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ തകർന്ന് കിടക്കുന്ന ഇരിപ്പിടങ്ങൾ കണ്ട് നെടൂവീർപ്പിടുന്നു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്താണ് ബസ് സ്റ്റാൻഡിലെ ഇരിപ്പിടങ്ങൾ തകർന്ന് തരിപ്പണമായത്. ഇത് സംബന്ധിച്ച് നിരവധി തവണ പ്രതിപക്ഷ കക്ഷികൾ നഗരസഭാ സമ്മേളനത്തിൽ ഇരിപ്പിടങ്ങൾ നന്നാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. പലവിധ തടസങ്ങൾ പറഞ്ഞു പരിഹാരം കാണാതെ നീട്ടി കൊണ്ട് പോവുകയായിരുന്നുവെന്ന് അന്ന് തന്നെ പരാതി ഉയർന്നിരുന്നു.

മുൻ പട്ടാമ്പി എം.എൽ.എ സി.പി.മുഹമ്മദിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പത്ത് വർഷങ്ങൾക്ക് മുമ്പ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. അത് കൊണ്ട് തന്നെ എം.എൽ.എ ഫണ്ട് കൊണ്ട് തന്നെ അറ്റകുറ്റപ്പണികൾ ചെയ്താൽ മതിയെന്ന പിടിവാശിയായിരുന്നത്രെ നഗരസഭാ ഭരണസമിതിക്ക്.

അങ്ങനെ ഇരിക്കെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുൻ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ടി.പി.ഷാജിയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗം കോൺഗ്രസുകാർ എൽ.ഡി.എഫ് വിട്ട് യു.ഡി.എഫ് മുന്നണിയിൽ എത്തുകയൂം നഗരസഭാ ഭരണം പിടിച്ചെടുത്തതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. അതിനിടെ പലതവണ ബന്ധപ്പെട്ട അധികാരികൾ ജനപ്രതിനിധികളോടോപ്പം ഒന്നിലധികം തവണ ബസ് സ്റ്റാൻഡ് സന്ദർശിച്ച് ഇരിപ്പിടങ്ങളുടെ നീളവും വീതിയും അടക്കമുള്ള കണക്കുകൾ എടുത്തതാണ്. എങ്കിലും പിന്നീട് യാതൊരു തുടർ നടപടികളും എടുത്തില്ലെന്ന് ബസ് സ്റ്റാൻഡിലെ കച്ചവടക്കാർ പറഞ്ഞു.

മുതുതലയിൽ നിന്നും പട്ടാമ്പി ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിന് ശേഷമാണ് മറ്റു ബസുകൾ കയറി യാത്ര ചെയ്യുന്നത്. ഈ സമയം കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും, ആശുപത്രികളിലേക്ക് ചികിത്സയ്ക്ക് പോകുന്ന വൃദ്ധർക്കും ഇരിക്കാൻ സൗകര്യമില്ലാതെ നിൽക്കുന്ന കാഴ്ച വളരെ ദയനീയമാണ്. ഇതിനൊരു പരിഹാരം കാണാൻ ഇനിയും വൈകരുത്.

പി.എം.സൈഫുദ്ദീൻ, സാമൂഹിക പ്രവർത്തകൻ, മുതുതല.

ഭാരതപ്പുഴയോരം സന്ദർശിക്കുന്ന വിനോദ സഞ്ചാരികളും മറ്റു ആവശ്യങ്ങൾക്ക് പട്ടാമ്പിയിൽ വന്ന് പോകുന്ന യാത്രക്കാരും ഇരിക്കാൻ കഴിയാതെ പിറുപിറുക്കുന്നത് പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പട്ടാമ്പിക്ക് തന്നെ പേരുദോഷം വരുത്തിവെച്ച ഈ വിഷയം ബന്ധപ്പെട്ടവർ അടിയന്തരമായി പരിഹരിക്കണം

മോഹൻദാസ് ഇടിയത്ത്, വനമിത്ര അവാർഡ് ജേതാവ്, പരിസ്ഥിതി പ്രവർത്തകൻ, പട്ടാമ്പി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BUSSTAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL