SignIn
Kerala Kaumudi Online
Thursday, 16 July 2026 3.43 AM IST

അച്ചടക്കലംഘനം: വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന് ഡി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകി

ക്ലാപ്പന : തുടർച്ചയായി പാർട്ടി അച്ചടക്കലംഘനം നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ക്ലാപ്പന ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും ഒൻപതാം വാർഡ് മെമ്പറുമായ വരവിള മനേഷിന് (മനേഷ് കുമാർ) ഡി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകി. യു.ഡി.എഫ് പഞ്ചായത്ത് സമിതിയുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദാണ് നോട്ടീസ് അയച്ചത്.

കമ്മിറ്റികൾ നടക്കുമ്പോൾ അനാവശ്യമായി ഇടപെട്ട് സംസാരിക്കുക, മറ്റ് അംഗങ്ങളുടെ സംസാരം തടസപ്പെടുത്തുക, യു.ഡി.എഫ്. അംഗങ്ങളെ അപഹാസ്യരാക്കുക, പ്രസിഡന്റിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മെമ്പർക്കെതിരെ നോട്ടീസിൽ ആരോപിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച് വിജയിച്ചയാൾ പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ച സാഹചര്യത്തിൽ, നടപടി സ്വീകരിക്കാതിരിക്കാൻ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അഞ്ച് ദിവസത്തിനകം മറുപടി നൽകാൻ ഈ മാസം 13ന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പതിനാറംഗ പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസിന് പത്തും എൽ.ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിനായിരുന്നുവെങ്കിലും വനിതയായ ശ്രീകലയ്ക്ക് നൽകിയത് മുതൽ ഭരണസമിതിയിൽ നിരന്തരം പ്രശ്നങ്ങളായിരുന്നു. വനിതാ പ്രസിഡന്റിന്റെ മുഖത്തേക്ക് നോട്ടീസ് കെട്ട് എറിയുക, ക്യാബിനിലെ ഫർണിച്ചർ എടുത്തടിക്കുക, ബഡ്ജറ്റ് അവതരണ വേളയിൽ പ്രതിപക്ഷ അംഗത്തിന് നേരെ ആക്രോശിച്ചടുക്കുക തുടങ്ങി നിരവധി ആരോപണങ്ങൾ ഇയാൾക്കെതിരെയുണ്ട്. ഹരിതകർമ്മസേനയുടെ പ്രവർത്തനം അവലോകനം ചെയ്യാൻ കൂടിയ യോഗത്തിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനെ അസഭ്യം പറയുകയും, ഇത് ചർച്ച ചെയ്യാൻ വിളിച്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തതോടെയാണ് ഒടുവിൽ ഡി.സി.സി. നേരിട്ട് അച്ചടക്ക നടപടിയിലേക്ക് കടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL