ചെങ്ങന്നൂർ: അങ്കണവാടിയിൽ മൂർഖൻ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിലുള്ള അരിയുന്നശേരി രണ്ടാലുംമൂട്ടിലെ 49-ാം നമ്പർ അങ്കണവാടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആറ് കുട്ടികളും താത്കാലിക അദ്ധ്യാപികയായ സവിതയുമാണ് ഇവിടെയുള്ളത്. ഉച്ചഭക്ഷണം പാചകം ചെയ്തശേഷം പാത്രങ്ങൾ കഴുകുന്നതിനായി പാചകപ്പുരയിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് സവിത വാതിൽപ്പടിയിൽ പാമ്പിനെ കണ്ടത്. പത്തിവിടർത്തി ചീറ്റിയ പാമ്പിനെ കണ്ട് ഇവർ ഭയന്ന് നിലവിളിച്ചു. ഇതോടെ പാമ്പ് സമീപത്തെ ഷീറ്റിനടിയിൽ കയറി ഒളിച്ചു.
പരിഭ്രാന്തയായ സവിത ഉടൻ വാർഡ് മെമ്പർ സുമ സുരേഷിനെ വിവരം അറിയിച്ചു. മെമ്പറും നാട്ടുകാരും സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ പാമ്പ് മറ്റൊരു ഭാഗത്തേക്ക് ഇഴഞ്ഞുപോയി. പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ എന്നിവരും സ്ഥലത്തെത്തി.
അങ്കണവാടി കെട്ടിടത്തിന് തൊട്ടടുത്തുള്ള സ്വകാര്യ പുരയിടത്തിൽ കാട് വളർന്നത് മൂലം ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് വെട്ടിത്തെളിക്കാൻ ഉടമയ്ക്ക് നിർദേശം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു പറഞ്ഞു. അങ്കണവാടി കെട്ടിടത്തിന്റെ മതിലുകളിലെയും മറ്റും വിള്ളലുകൾ അടച്ച് കെട്ടിടം സുരക്ഷിതമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |