SignIn
Kerala Kaumudi Online
Friday, 24 July 2026 3.27 AM IST

അടിമാലിയിലെ പുതിയ ട്രാഫിക് പരിഷ്‌കാരം എതിർപ്പുമായി ബസ് ജീവനക്കാർ

adimaly-stndfinal

 അതൃപ്തിയുമായി ബസ് ജീവനക്കാർ

അടിമാലി: അടിമാലിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരത്തിൽ അതൃപ്തിയുമായി ബസ് ജീവനക്കാർ. ടൗണിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് 17 തീരുമാനങ്ങൾ ട്രാഫിക് കമ്മിറ്റി ചേർന്ന് എടുത്തതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കരണം. എന്നാൽ ഈ തീരുമാനത്തിലാണ് ബസ് ജീവനക്കാർ അതൃപ്തി അറിയിക്കുന്നത്. ബസ് അകത്തേക്കും പുറത്തേക്കും പോകുന്നത് മുമ്പുള്ളതിൽ നിന്ന് പരസ്പരം മാറ്റി നടപ്പാക്കിയതാണ് ഒരാഴ്ചയ്ക്കുള്ളിൽ വ്യാപക പരാതി ഉയരാൻ കാരണമായിരിക്കുന്നത്. ബസ് പാർക്ക് ചെയ്യാൻ സ്റ്റാൻഡിൽ മുന്നോട്ടും പിന്നോട്ടും പലതവണ തിരിക്കേണ്ട അവസ്ഥയാന്നെന്ന് ജീവനക്കാർ പറയുന്നു. ആളുകൾ കുറവായതിനാൽ ടൗണിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പലഭാഗത്തും നിറുത്തേണ്ട അവസ്ഥയാണ്. ഫെഡറൽ ബാങ്ക്, നളന്ദ ജംഗ്ഷൻ, ഹിൽഫോർട്ട് ഹോട്ടൽ തുടങ്ങിയ സ്ഥലങ്ങളിൽ വാഹനം നിറുത്തുന്നത് ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ബസ് തിരിയ്ക്കുന്നതിനിടെ ലോട്ടറി കടയുടെ നെയിം ബോർഡിൽ തട്ടി മുൻവശത്തെ ചില്ലിനും കടയുടെ ബോർഡിനും നാശമുണ്ടായി. ബസിന്റെ ഗ്ലാസ് മാറാൻ 40,000 രൂപയാണ് ചെലവ്.

പ്രധാന പരാതികൾ

 അശാസ്ത്രിയമായ ഗതാഗത പരിഷ്‌കാരം സ്റ്റാൻഡിൽ തിരക്ക് വർദ്ധിപ്പിച്ചു.

 തലങ്ങും വിലങ്ങുമുള്ള പാർക്കിംഗ്, വാഹനങ്ങൾ പിന്നോട്ട് തിരിക്കുന്നത് എന്നിവ അപകടങ്ങൾക്ക് വഴിയൊരുക്കും.

 വൈകുന്നേരങ്ങളിൽ അനുഭവപ്പെടുന്ന തിരക്കിൽ വയോജനങ്ങൾ ബുദ്ധിമുട്ടുന്നു

 വിവിധ വാഹനങ്ങളും റോഡിൽ പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്ക് വർദ്ധിപ്പിക്കുന്നു

 ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും വെല്ലുവിളി

അനുകൂലവാദം

 പരിഷ്‌കരണത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിക്ക് മുമ്പിലെ അനധികൃത പാർക്കിംഗ് ഒരു പരിധിവരെ ഒഴിവാക്കാനായി. ഇത് രോഗികളുമായി എത്തുന്നവർക്കും ആംബുലൻസ് സർവീസിനും സഹായകമാണ്.

 ബസ് സ്റ്റാൻഡിലെ മാറ്റം 20 ദിവസത്തെ പരീക്ഷണ അടിസ്ഥാനത്തിലാണ് നടപ്പാക്കിയിട്ടുള്ളത്.

'ട്രാഫിക് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് പരീക്ഷണ അടിസ്ഥാനത്തിൽ ബസ് എൻട്രി, എക്സിറ്റുകൾ പരസ്പരം മാറ്റിയത്. ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ട്രാഫിക് കമ്മിറ്റിയെ അറിയിക്കും""

-പി.സി. രാജൻ (ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, അടിമാലി)

'' ജനങ്ങളുടെ സൗകര്യത്തിനാണ് പ്രഥമ പരിഗണന. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും""

-ബാബു പി. കുര്യാക്കോസ് (പഞ്ചായത്ത് പ്രസിഡന്റ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL