SignIn
Kerala Kaumudi Online
Saturday, 06 June 2026 6.45 AM IST

പരിഹാരമില്ലാതെ വർക്കലയിലെ ഗതാഗതക്കുരുക്ക്

traffic

വർക്കല: വിനോദസഞ്ചാരത്തിന്റെ വളർച്ചയോടെ വർക്കല ഇന്ന് നേരിടുന്ന ഏറ്റവും വലിയ നഗരപ്രശ്നങ്ങളിലൊന്നാണ് പാർക്കിംഗ് പ്രതിസന്ധി.വർക്കലയുടെ ഹൃദയഭാഗമായ മൈതാനംടൗൺ,ക്ഷേത്രം റോഡ്,റെയിൽവേ സ്റ്റേഷൻ പരിസരം,പാപനാശം വിനോദസഞ്ചാര മേഖല എന്നിവിടങ്ങളിലെ വാഹനത്തിരക്കും പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയും നഗരജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണ്.മൈതാനം-വർക്കല ക്ഷേത്രത്തിന്റെ റോഡരിനുവശവും പാർക്കിംഗ് കേന്ദ്രങ്ങളായി മാറിയതോടെ പല സ്ഥലങ്ങളിലും ഗതാഗതം ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്.ഈ ഭാഗത്ത് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിലേക്കെത്തുന്ന വാഹനങ്ങളുടെ തിരക്കും പാർക്കിംഗ് സമ്മർദ്ദം വർദ്ധിപ്പിക്കുകയാണ്. ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഗതാഗത തടസം സൃഷ്ടിക്കുന്ന വേളകളിൽ ഗതാഗത നിയന്ത്രണത്തിന് സംവിധാനമില്ല എന്നതും വലിയ പോരായ്മയാണ്.

 അനധികൃത പാർക്കിംഗ്

വൈകിട്ട് 6.30മുതൽ രാത്രി 9വരെ മൈതാനം-വർക്കല ക്ഷേത്രം റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് എത്തുന്ന കാറുകളും വാനുകളും റോഡിൽ പാർക്ക് ചെയ്യുന്നതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. അന്യസംസ്ഥാന സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് ബസ് ഉൾപ്പെടെ റോഡിൽ പാർക്ക് ചെയ്ത് മദ്യം വാങ്ങാൻ പോകുന്നവരും നിരവധിയാണ്.സമീപ സ്ഥാപനങ്ങളിൽ വരുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ കഴിയാത്തവിധം തിരികെ പോകേണ്ട അവസ്ഥയാണെന്നാണ് വ്യാപാരികൾ പറയുന്നത്.പലപ്പോഴും ആംബുലൻസ് വാഹനം പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്.

വിനോദസഞ്ചാര മേഖലയിലും കുരുക്ക്

പാപനാശം,ഹെലിപ്പാട് മേഖലയിൽ പ്രത്യേകിച്ച് അവധി ദിവസങ്ങളിലും സീസൺ സമയങ്ങളിലും വാഹനക്കുരുക്ക് പതിവാണ്. വിനോദസഞ്ചാരികൾ വാഹനങ്ങൾ ലഭ്യമായിടത്ത് പാർക്ക് ചെയ്യുന്നതോടെ പല റോഡുകളും സങ്കുചിതമാകുന്നു.വർക്കല ടൗൺ ഹാളിനും റെയിൽവേ സ്റ്റേഷനും മുന്നിലും സമാനസാഹചര്യമാണ്. ഇക്കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ മൈതാനം- റെയിൽവേ സ്റ്റേഷൻ റോഡിൽ നടന്ന അപകടങ്ങളിലായി രണ്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL