SignIn
Kerala Kaumudi Online
Thursday, 23 July 2026 3.17 AM IST

പിങ്ക് ബസ് സർവീസ് ആദ്യം തലസ്ഥാനത്ത്; ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന രാത്രികാല 'പിങ്ക് ബസ്' സർവീസുകൾ ഇന്ന് ആരംഭിക്കും. യു.ഡി.എഫ് സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ്.സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1ന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി.പി.ജോൺ നിർവഹിക്കും.
പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. നിലവിലെ ടിക്കറ്റ് നിരക്കാണ് ഈടാക്കുക.തുടക്കത്തിൽ ടെക്‌നോപാർക്ക് റൂട്ടിലാണ് സർവീസ് നടത്തുക.കിഴക്കേകോട്ടയിൽ നിന്നാരംഭിച്ച് തമ്പാനൂർ,പട്ടം,മെഡിക്കൽ കോളേജ് (ആർ.സി.സി),ഉള്ളൂർ,കഴക്കൂട്ടം,ടെക്‌നോപാർക്ക്,ഇൻഫോസിസ്,ലുലു മാൾ,കിംസ് ആശുപത്രി എന്നീ പ്രധാന കേന്ദ്രങ്ങൾ വഴിയാകും ബസ് സർവീസ്.

രാത്രി 9നുശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാർക്ക് ഈ സർവീസ് വലിയ ആശ്വാസമാകും.രാത്രി 10നും രാവിലെ 5നുമുള്ള ഷിഫ്ടുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐ.ടി ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 'പ്രതിധ്വനി' എന്ന സംഘടന നൽകിയ നിവേദനവും പരിഗണിച്ചാണ് സർവീസ്.
രാത്രികാലങ്ങളിൽ സാധാരണ ബസുകളില്ലാത്തതിനാൽ ഉയർന്ന തുക നൽകി മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന വനിതകൾക്ക് പുതിയ പദ്ധതി ഏറെ പ്രയോജനകരമാകും.സർവീസുകളുടെ കൃത്യത ഉറപ്പാക്കാനും വരുമാനം വർദ്ധിപ്പിക്കാനുമായി ഭാവിയിൽ ഓൺലൈൻ റിസർവേഷൻ സൗകര്യവും ഇലക്ട്രിക് ബസുകളും പദ്ധതിയുടെ ഭാഗമാക്കാൻ കെ.എസ്.ആർ.ടി.സി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി സി.പി.ജോൺ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL