
റെഡിമേയ്ഡ് ഉത്പന്നങ്ങൾ സുലഭം
ആറ്റിങ്ങൽ: കെട്ടിട നിർമ്മാണ രംഗത്ത് റെഡിമെയ്ഡ് ഉത്പന്നങ്ങളുടെ വരവോടെ സാമില്ലുകൾ ഇല്ലാതാകുന്നു.ഒരുകാലത്ത് അഞ്ചുതെങ്ങ് ചീലാന്തിയും പ്ലാവും ഈട്ടിയുമടക്കം വിവിധയിനം തടികൊണ്ടുള്ള മരം ഉരുപ്പടികളാൽ സമൃദ്ധമായിരുന്ന താലൂക്കിലെ സാമില്ലുകളാണ് ഇന്ന് പൂട്ടിപ്പോകുന്നത്.
ഇപ്പോൾ വാതിലും ജനലും ഫർണിച്ചറുകളുമെല്ലാം തന്നെ റെഡിമെയ്ഡും മെറ്റലിലേക്കും മാറി. തടിയിൽ തന്നെ വേണമെങ്കിൽ അത് റെഡിമെയ്ഡിൽ കുറഞ്ഞ വിലയിൽ കിട്ടും. ഗുണമോ ദൃഢതയോ പ്രശ്നമല്ലതാനും.മരംമുറിച്ച് ഫർണിച്ചറുകൾ വീടുകളിൽ തന്നെ നിർമ്മിച്ചിരുന്ന കാലത്ത്, ചിറയിൻകീഴ് താലൂക്കിൽ ഒരുകാലത്ത് 65ലധികം സാമില്ലുകൾ പ്രവർത്തിച്ചിരുന്നു.ഇപ്പോൾ വല്ലപ്പോഴും മാത്രം പ്രവർത്തിക്കുന്ന മില്ലുകൾ 10ന് താഴെയാണ്.സാമില്ലുകൾ നടത്തിപ്പിലെ ഭീമമായ ചെലവും തൊഴിലില്ലായ്മയുമാണ് മില്ലുകളെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചത്.
ഫീസ് കൂടി
നഗരസഭയുടെ ലൈസൻസ് ഫീ - 5500രൂപ
പൊല്യൂഷൻ സർട്ടിഫിക്കറ്റ് - 2000രൂപ
ഫാക്ടറീസ് ആൻഡ് ബോയലേഴ്സിന് - 5000രൂപ
ഫയർലൈസൻസ് അങ്ങനെ ലൈസൻസ് ഫീസുകളുടെ പട്ടിക നീളുന്നു.
വൈദ്യുതി ഉപഭോഗം 1000 രൂപ വരുന്ന ഗുണഭോക്താവിന് ഡിമാന്റ് ചാർജ് കൂടിയുൾപ്പെടുത്തി 6000 രൂപയുടെ ബില്ലാണ് മിനിമം
ഒരു സാമില്ലിൽ 4 ജീവനക്കാർ വേണം.തടികളിറക്കാൻ രണ്ടുപേരും,അറുക്കുന്നതിന് രണ്ടുപേരും.ഇതിന് പ്രതിദിനം 5500 രൂപ കണ്ടെത്തണം.ജീവനക്കാർ മില്ലിലെത്തിയാൽ ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും ശമ്പളം നൽകണം.
കേരളത്തിൽ നിന്ന് തടികൾ (ഉരുൾ) ലോഡുകണക്കിനാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്.ഇതും തൊഴിലില്ലായ്മക്ക് കാരണമാകുന്നു.സാമില്ലുകളെ സംരക്ഷിക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്നാണ് മില്ലുടമകളുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |