SignIn
Kerala Kaumudi Online
Friday, 23 October 2026 6.49 AM IST

ലൈറ്റ് ഹൗസിനടുത്ത് അർദ്ധരാത്രിയിലെ നിലവിളി

കോവളം ലൈറ്റ് ഹൗസിന് സമീപത്ത് അർദ്ധരാത്രിയിൽ പെൺകുട്ടികളുടെ നിലവിളി പതിവായി കേൾക്കാറുണ്ടെന്നാണ് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരടക്കം പറയുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി പെൺകുട്ടികളെ മസാജ് സെന്ററുകളിലേക്കും സ്പാകളിലേക്കും എത്തിക്കുന്നതാണ് പതിവ്. രാത്രിയിൽ വൻതുക ഈടാക്കിയുള്ള അനാശാസ്യ പ്രവർത്തികളാണ് ഇവിടങ്ങളിൽ നടക്കുന്നതെന്നാണ് ആക്ഷേപം. കോവളത്ത് ടൂറിസം പൊലീസിന്റെ എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ഒന്നോ രണ്ടോ പൊലീസുകാർ മാത്രമേ കാണൂ. തീരത്തെ മറ്റ് അനധികൃത പ്രവർത്തനങ്ങൾ അറിഞ്ഞാലും ഇവർ ഇടപെടാറില്ലെന്നാണ് ആക്ഷേപം.

സ്പാകളിലും മസാജ് കേന്ദ്രങ്ങളിലുമെത്തിക്കുന്ന പെൺകുട്ടികൾക്കുള്ള മോഹനവാഗ്ദാനം ടിപ്പായി ലഭിക്കുന്ന വൻതുകയാണ്. കോവളത്തെ സ്പായിൽ 16കാരിയുടെ പീഡനം പുറത്തറിഞ്ഞതോടെ 'സുഖ തടവുകാരായ" സ്പാ ജീവനക്കാർ സ്വന്തം നാടുകളിലേക്ക് മടങ്ങി. സ്പാകളിലെത്തിക്കുന്ന പെൺകുട്ടികളിലേറെയും തമിഴ്നാട്ടിൽ നിന്നാണ്. സിക്കിം,നാഗാലാൻഡ് എന്നിവിടങ്ങളിൽ നിന്ന് ക്രോസ് മസാജിനായി ചെറിയ പെൺകുട്ടികളെ എത്തിക്കുന്നുണ്ട്. വൻതുക ടിപ്പായി ലഭിക്കുമെന്നതിനാലാണ് ക്രോസ് മസാജ് ജോലിക്കായി യുവതികൾ എത്തുന്നതെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു.

അനധികൃത സ്പാകളിൽ ജീവനക്കാരായി എത്തുന്നവർക്ക് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. ഇതിനേക്കാൾ കൂടുതൽ പണം ഇടപാടുകാരിൽ നിന്നും ടിപ്പായി ലഭിക്കും. ജീവനക്കാരികൾക്ക് ഹോട്ടൽ ഉടമകൾ തന്നെ താമസ സൗകര്യം ഏർപ്പെടുത്തും. രാവിലെ 8 മുതൽ 5 വരെയാണ് പ്രവർത്തനസമയമെങ്കിലും അനധികൃത സ്പാകൾ രാത്രിയും പ്രവർത്തിക്കുന്നുണ്ട്. പൊലീസിന് ഇത്തരം സ്പാകളുടെ വിവരങ്ങൾ അറിയാമെങ്കിലും നടപടിയെടുക്കാറില്ല.

ഉഴിച്ചിലും പിഴിച്ചിലും

ഒരു വഴിക്കാക്കും

പരിശീലനം ലഭിക്കാത്ത തെറാപ്പിസ്റ്റുകളാണ് മിക്ക സ്പാകളിലും ജോലി ചെയ്യുന്നത്. ഇവരിൽ അപൂർവം പേർക്ക് ആറുമാസത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ് കൈവശമുണ്ടാവും. നിയമം പാലിക്കാതെ ക്രോസ് മസാജാണ് സ്പാകളിൽ നടക്കുന്നത്. റിസപ്ഷനിൽ റേറ്റ് കാർഡ്,ജി.എസ്.ടി ബിൽ,സി.സി ടിവി എന്നിവ സ്ഥാപിക്കണമെന്ന നിബന്ധനകളൊന്നും ഇവിടെ നടപ്പാക്കാറില്ല.

കോവളത്തിന്റെ സത്പേരിന് കളങ്കം

അനധികൃത സ്പാകളും അവിടത്തെ ലൈംഗിക ചൂഷണവുമെല്ലാം കോവളമെന്ന അന്താരാഷ്ട്ര ടൂറിസം കേന്ദ്രത്തിന്റെ സത്പ്പേരിന് കളങ്കമാകും. കോവളത്ത് നിയമാനുസൃതമായ ലൈസൻസുകളും ആവശ്യമായ അനുമതികളും നേടി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഹോട്ടലുകളും മറ്റ് ടൂറിസം സ്ഥാപനങ്ങളും നിരവധിയാണ്. എന്നാൽ ഹോംസ്റ്റേകൾ,വീടുകൾ തുടങ്ങിയവ വാടകയ്ക്കെടുത്താണ് അനധികൃത സ്പാകളുടെ പ്രവർത്തനം.

അനധികൃത സ്പാകളെയടക്കം കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും പരിശോധന കൂടുതൽ ശക്തമാക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ)​ കോവളം യൂണിറ്റ് ആവശ്യപ്പെട്ടു. സുരക്ഷിതമായ ടൂറിസം അന്തരീക്ഷം സംരക്ഷിക്കുന്നതിനുള്ള എല്ലാ നിയമപരമായ നടപടികൾക്കും കെ.എച്ച്.ആർ.എ പിന്തുണ പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL