
ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ ഗേറ്റ് അടിക്കടി പണിമുടക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഇക്കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഗേറ്റ് അടഞ്ഞതിനാൽ നൂറുകണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. ഗേറ്റിലെ റോപ്പ് തെന്നി മാറിയതാണ് കഴിഞ്ഞദിവസം ഗേറ്റ് അടഞ്ഞു കിടക്കാൻ കാരണം. ബുധനാഴ്ച വൈകിട്ട്6.30തോടെ അടഞ്ഞ ഗേറ്റ് വ്യാഴാഴ്ച ഉച്ചയ്ക്കാണ് തുറന്നത്.വിവിധ ആവശ്യങ്ങൾക്കായി ഗേറ്റ് കടന്ന് പോയവർ തിരിച്ചെത്തിയപ്പോൾ ഗേറ്റ് കടക്കാനാകാതെ വാഹനങ്ങൾ റോഡ് വക്കിലും സമീപത്തെ വീടുകളിലും പാർക്ക് ചെയ്ത ശേഷമാണ് വീടുകളിലെത്തിയത്.
സിഗ്നൽ സിസ്റ്റം ഇല്ലാത്തതിനാൽ പലപ്പോഴും നാലും അഞ്ചും ട്രെയിനുകൾ പോകുന്നതുവരെ ഇവിടെ ഗേറ്റ് അടഞ്ഞു കിടക്കാറുണ്ട്. ഗേറ്റ് തുറന്നാലും മിനിറ്റുകൾക്കുള്ളിൽ ഗേറ്റ് അടയ്ക്കും.
യാത്രക്കാർക്ക് ദുരിതം
മൂന്നുവശവും കായലിനാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ ഗേറ്റ് അടഞ്ഞാൽ ഗേറ്റിനപ്പുറം ഉള്ളവർക്ക് പുറംലോകത്തെത്താനാകാത്ത അവസ്ഥയാണ്. കുഴിയം വഴി റോഡുണ്ടെങ്കിലും ചെമ്മൺ പാത ആയതിനാൽ ഇതുവഴിയുള്ള യാത്ര മഴക്കാലത്ത് അസാദ്ധ്യമാണ്.
സിഗ്നൽ സിസ്റ്റം അനിവാര്യം
ദിനംപ്രതി 100കണക്കിന് ആളുകൾ ആശ്രയിക്കുന്ന ചിറയിൻകീഴ് താലൂക്കിലെ പ്രധാന റെയിൽവേ ഗേറ്റുകളിൽ ഒന്നാണിത്. ഇവിടെ ഒരു സിഗ്നൽ സിസ്റ്റം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. നിവേദനങ്ങളും പരാതികളും നിരവധി നൽകിയിട്ടുണ്ട് നാട്ടുകാർ. പരിസരത്തുള്ള നൂറുകണക്കിന് കുടുംബങ്ങൾ ഈ റെയിൽവേ ഗേറ്റിന് ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്.
ഇവിടെ ഒരു ഇലക്ട്രിക് ഗേറ്റ് വേണമെന്നുള്ള ആവശ്യവും ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |