SignIn
Kerala Kaumudi Online
Saturday, 24 October 2026 7.36 AM IST

കൂടത്തിൽ കൊല; വാദിയെ പ്രതിയാക്കി രവീന്ദ്രൻ നായർ

ക്രൈംബ്രാഞ്ചിനോട് സഹകരിക്കാതെ പ്രതി

തിരുവനന്തപുരം: കരമന കൂടം തറവാട്ടിലെ ജയമാധവൻ നായരെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ സഹകരിക്കാതെ പ്രതി രവീന്ദ്രൻ നായർ. ജയമാധവൻ നായരുടെ കൊലയ്ക്ക് പിന്നിൽ താനല്ലെന്നും കേസിലെ പരാതിക്കാരൻ അനിൽകുമാറായിരിക്കാമെന്നുമാണ് ഇയാൾ ചോദ്യം ചെയ്യലിൽ ആരോപിച്ചത്.

രവീന്ദ്രൻനായർ അന്വേഷണ ഉദ്യോഗസ്ഥരുടെ മിക്ക ചോദ്യങ്ങൾക്കും മറുപടി പറയാൻ തയ്യാറായില്ല. പൊലീസ് കഥയുണ്ടാക്കി തന്നെ വില്ലനാകാൻ ശ്രമിക്കുന്നതാണെന്നും അതിന് നിന്നുതരില്ലെന്നുമാണ് രവീന്ദ്രൻ നായർ പൊലീസിനോട് പറഞ്ഞത്. തനിക്ക് പണവും സ്വത്തും നൽകിയ ആളിനെ എന്തിന് കൊലപ്പെടുത്തണമെന്നും താൻ വ്യാജ വിൽപത്രം തയ്യാറാക്കിയിട്ടില്ല, ഒപ്പ് ജയമാധവൻ നായരുടേത് തന്നെയാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
തന്നോട് മുൻവൈരാഗ്യമുള്ള പരാതിക്കാരനായ അനിലായിരിക്കാം കൊല നടത്തിയത്. ശേഷം ഇത് തന്റെ മേൽ കെട്ടിവയ്‌ക്കുകയാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

ബ്രെയിൻ മാപ്പിംഗിലൂടെ കുറ്റകൃത്യത്തിൽ പ്രതിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യം ചെയ്തിട്ടും രവീന്ദ്രൻ നായർക്ക് ഒരു കുലുക്കവുമില്ല.
കോടതി രീതികളും കേസ് നടത്തിപ്പുകളും നന്നായി അറിയാവുന്ന പ്രതി, സാക്ഷികളില്ലാതെ കേസിൽ നിന്ന് ഊരിപ്പോകാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് പൊലീസ് കരുതുന്നത്.

കസ്റ്റഡിയിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാകുമെന്നറിയാവുന്ന പ്രതി, മുന്നൊരുക്കത്തോടെയാണ് ചോദ്യം ചെയ്യലിനെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. വ്യാഴാഴ്ചയാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രവീന്ദ്രൻ നായരെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്നലെ വൈകിട്ട് 4ന് തിരികെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

തെളിവെടുപ്പിൽ
കൂസലില്ലാതെ പ്രതി

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു ക്രൈംബ്രാഞ്ച് അസിസ്റ്റൻഡ് കമ്മിഷണർ എം.ഐ ഷാജി ഉൾപ്പെടെയുള്ള അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ കൂടത്തിൽ തറവാട്ടിൽ രവീന്ദ്രൻനായരെ തെളിവെടുപ്പിനെത്തിച്ചത്. തീർത്തും അക്ഷോഭ്യനായിരുന്ന പ്രതി ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞില്ല.

മാസ്‌കും കറുത്ത തൊപ്പിയും കറുത്ത നിറത്തിലുള്ള ഷർട്ടും ധരിച്ചായിരുന്നു രവീന്ദ്രൻ നായരെത്തിയത്. ജയമാധവൻ നായർ മരിച്ച മുറി ഉൾപ്പെടെ എല്ലാ മുറികളിലും ഇയാളെ കൊണ്ടുപോയി. ജയമാധവൻ നായർ മരിച്ചുകിടന്ന മുറിയിലെത്തിച്ചപ്പോഴും 'കൊന്നതല്ല, വീണു മരിച്ചുകിടന്നതാണെന്ന് " ഇയാൾ ആവർത്തിച്ചു. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. രവീന്ദ്രൻ നായരെ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് വൻ ആൾകൂട്ടമാണ് കൂടം തറവാട്ടിന് മുന്നിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL