SignIn
Kerala Kaumudi Online
Tuesday, 13 October 2026 6.41 AM IST

പണി തീർന്നെന്ന് എൻ.എച്ച്.എ.ഐ; പിഴവുകൾ നിരത്തി കളക്ടർ

തൃശൂർ: നാട്ടികയിൽ തൊണ്ണൂറ് ശതമാനം നിർമ്മാണം പൂർത്തിയായെന്ന് ദേശീയപാത അതോറിറ്റിയുടെ സർട്ടിഫിക്കറ്റ്. എന്നാൽ 16 കിലോമീറ്ററിൽ സർവീസ് റോഡില്ല, 21 കിലോമീറ്ററിൽ തെരുവുവിളക്കുകളുമില്ല! നിർമ്മാണം നടക്കുന്ന ദേശീയപാതയിലെ പോരായ്മകൾ അക്കമിട്ട് നിരത്തി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് ജില്ലാ കളക്ടർ ശിഖ സരേന്ദ്രൻ. നാട്ടികയിലെ ടോൾപിരിവ് വിവാദം കത്തിനിൽക്കുന്നതിനിടെയാണ് റിപ്പോർട്ട്. നിർമ്മാണം പൂർത്തിയാകാത്ത പാലങ്ങളും സർവീസ് റോഡുകളും പിന്നീട് ഡിസൈനിൽ ചേർത്തതാണെന്നാണ് എൻ.എച്ച്.എ.ഐയുടെ വാദം. ദേശീയപാതയിലെ അപാകതകൾ ചൂണ്ടിക്കാട്ടി മുൻ എം.പി. ടി.എൻ. പ്രതാപൻ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിട്ടുണ്ട്. ഹൈക്കോടതി കളക്ടറോട് വിശദീകരണം തേടിയാൽ സർക്കാരിന് നൽകിയ റിപ്പോർട്ടും കോടതിയുടെ പരിഗണനയിലെത്തിയേക്കും. നേരത്തേ പാലിയേക്കരയിൽ ടോൾപിരിവ് നിറുത്തിവച്ച് ഉത്തരവിറക്കിയ മുൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് 24 മണിക്കൂറിനകം ഉത്തരവ് പിൻവലിക്കേണ്ടിവന്നിരുന്നു. ടോൾപിരിവ് തടസപ്പെട്ട സമയത്തെ തുക റവന്യൂ റിക്കവറിയായി കളക്ടറുടെ ശമ്പളത്തിൽനിന്ന് ഈടാക്കേണ്ട സാഹചര്യമുണ്ടായതോടെയാണ് ഉത്തരവ് പിൻവലിച്ചത്. ഇതോടെ ടോൾ വിഷയത്തിൽ ഇടപെടുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരും പ്രതിസന്ധിയിലായിരുന്നു.

കളക്ടറുടെ റിപ്പോർട്ട്


62 കിലോമീറ്ററിൽ 16 കിലോമീറ്ററിൽ സർവീസ് റോഡില്ല
21 കിലോമീറ്ററിൽ തെരുവു വിളക്കുകളില്ല
പണി തീരാതെ അഞ്ചു പാലങ്ങൾ
ഒരു പാലത്തിൽ ജലഅതോറിറ്റിയുടെ പണി ബാക്കി
രണ്ടിടത്ത് നിർമ്മാണ സാമഗ്രഹികൾ കൂട്ടിയിട്ടിരിക്കുന്നു

യോഗം ചേരാതെ

സർവകക്ഷി യോഗത്തിന് മുൻപേ ടോൾ പിരിവ് ആരംഭിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. യോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കൾ ജില്ലാ കളക്ടറുടെ ചേംബറിൽനിന്ന് ഇറങ്ങിപ്പോയി. കളക്ടറേറ്റ് കവാടം ഉപരോധിച്ചു. പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞ ദിവസം നിറുത്തിവച്ച ടോൾ പിരിവാണ് ദേശീയപാത അധികൃതർ വീണ്ടും ആരംഭിച്ചത്. ടി.എൻ.പ്രതാപൻ, വി.എസ്.സുനിൽ കുമാർ, കെ.വി.അബ്ദുൾ ഖാദർ,കെ.പി.സന്ദീപ്,സി.എ.മുഹമ്മദ് റഷീദ്,ജോസ് വള്ളൂർ, കെ.എ.ഹാറൂൺ റഷീദ്, അഡ്വ.സുനിൽ ലാലൂർ,കെ.കെ.ബാബു, കെ.എ.ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സമരച്ചൂടിൽ

ടോൾ പിരിവ് ആരംഭിച്ച ദിവസംതന്നെ പൊതുമരാമത്ത് മന്ത്രി താത്കാലികമായി പിരിവ് നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് പിരിവ് നിറുത്തിയെങ്കിലും നിർദ്ദേശം തുടരാൻ എൻ.എച്ച്.എ.ഐ തയ്യാറായില്ല. സർക്കാരോ പൊതുമരാമത്ത് സെക്രട്ടറിയോ രേഖാമൂലം ഉത്തരവ് നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് ടോൾ ബൂത്തിലേക്ക് മാർച്ച് നടത്തി. വിവിധ സംഘടനകൾ വീണ്ടും സമരരംഗത്തിറങ്ങിയതോടെ ടോൾ പ്ലാസ പ്രതിഷേധ കേന്ദ്രമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL