SignIn
Kerala Kaumudi Online
Tuesday, 13 October 2026 8.32 AM IST

നവംബർ വരെ 'ഇന്റർസിറ്റി' ദുരിതയാത്ര

തൃശൂർ: പുതുക്കാട് മുതൽ ഇരിങ്ങാലക്കുട വരെയുള്ള പാളം മാറ്റുന്നതിന്റെ ഭാഗമായി വടക്കുനിന്നെത്തുന്ന ഇന്റർസിറ്റി ട്രെയിൻ തൃശൂരിൽ ഭാഗികമായി റദ്ദാക്കുന്നത് നവംബർ വരെ തുടരും. ഇതോടെ വടക്കൻ ജില്ലകളിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രക്കാരുടെ ദുരിത യാത്ര തുടരും. തൃശൂരിലൂടെ കടന്നുപോകുന്ന ട്രെയിനുകളിൽ വൈകിട്ട് 6.30നു ശേഷമുള്ള ഇന്റർസിറ്റി എക്‌സ്പ്രസാണ് ദിവസങ്ങളായി തൃശൂർ സ്റ്റേഷനിലെത്തുമ്പോൾ ഭാഗികമായി റദ്ദാക്കുന്നത്. സുരക്ഷയുടെ ഭാഗമായി നിശ്ചിത ഇടവേളകളിൽ റെയിൽപ്പാളങ്ങൾ മാറ്റുന്നതിന്റെ ഭാഗമായാണ് ഇരിങ്ങാലക്കുട വരെയുള്ള പണി.

അധിക ബസില്ല

ഇന്റർസിറ്റി എക്‌സ്പ്രസ് തൃശൂരിൽ റദ്ദാക്കുമ്പോൾ യാത്രക്കാർ മുഴുവൻ ഇവിടെ ഇറങ്ങേണ്ടിവരുന്നതും തുടർന്നുള്ള ദുരിതവും കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഇന്റർസിറ്റിക്കുശേഷം സാധാരണ ദിവസങ്ങളിൽ രാത്രി 9.30നു ശേഷം തെക്കൻ ജില്ലകളിലേക്ക് തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് മാത്രമാണുള്ളത്. ഇന്റർസിറ്റി റദ്ദാക്കിയാൽ യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കേണ്ടിവരും. എന്നാൽ യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് അധിക ബസ് സർവീസ് ഏർപ്പെടുത്താൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇക്കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ മറുപടി. ഇതോടെ പലരും ഫുട്‌ബോർഡിൽ നിന്നാണ് യാത്ര ചെയ്യുന്നത്. മറ്റ് ട്രെയിനുകളും 20 മുതൽ 30 മിനിറ്റ് വരെ വൈകിയോടുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

ഇന്നത്തെ നിയന്ത്രണങ്ങൾ


16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് - 1 മണിക്കൂർ
16314 മംഗളൂരു ജംഗ്ഷൻ-തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്‌സ്പ്രസ് - 40 മിനിറ്റ്
16344 രാമേശ്വരം-തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്പ്രസ് -20 മിനിറ്റ്
16319 തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി. ബെംഗളൂരു ഹംസഫർ എക്‌സ്പ്രസ് -35 മിനിറ്റ്
12698 തിരുവനന്തപുരം സെൻട്രൽ-എം.ജി.ആർ. ചെന്നൈ സെൻട്രൽ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് - 15 മിനിറ്റ്
16312 തിരുവനന്തപുരം നോർത്ത്-ശ്രീ ഗംഗാനഗർ എക്‌സ്പ്രസ് - 20 മിനിറ്റ്
16316 തിരുവനന്തപുരം നോർത്ത്-മൈസൂരു എക്‌സ്പ്രസ് - 20 മിനിറ്റ്
22641 തിരുവനന്തപുരം സെൻട്രൽ-ഷാലിമാർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് -20 മിനിറ്റ്
12696 തിരുവനന്തപുരം സെൻട്രൽ-ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് - 20 മിനിറ്റ്
16342 തിരുവനന്തപുരം സെൻട്രൽ-ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്പ്രസ് - 20 മിനിറ്റ്

കണ്ണൂർ ഇന്റർസിറ്റി തൃശൂരിൽ റദ്ദാക്കുന്ന ദിവസങ്ങൾ
ഒക്ടോബർ13, 16, 17, 18, 23, 24, 25, 26, 27, 30, 31, നവംബർ 1

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL