സുരക്ഷാവേലികൾ ഇല്ലാത്തത് അപകടത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
അമ്പലവയൽ: അമ്പലവയലിലേയും പരിസര പ്രദേശങ്ങളിലേയും ക്വാറിക്കുളങ്ങൾ അപകടക്കെണികളായി മാറുന്നു. ഉപയോഗ ശൂന്യമായി കിടക്കുന്ന ക്വാറി കുളങ്ങൾക്ക് ചുറ്റും സുരക്ഷാവേലികളില്ലാത്തതാണ് അപകടത്തിനിടയാക്കുന്നത്. വെള്ളം നിറഞ്ഞ് കിടക്കുന്ന കുളങ്ങളിൽ വീണാണ് പലർക്കും ജീവൻ നഷ്ടമാകുന്നത്. സുരക്ഷ വേലി നിർമ്മിക്കണമെന്ന ആവശ്യം അധികൃതർ ഇതുവരെ ചെവികൊണ്ടില്ല. ക്വാറിക്കുളങ്ങളിൽ അപകടങ്ങൾ പതിവാകുന്നത് നാട്ടുകാരെ ആശങ്കയിലാക്കുകയാണ്. ജില്ലയിൽ ഏറ്റവുമധികം പ്രവർത്തനം നിലച്ച ക്വാറികളുള്ളത് അമ്പലവയലിലാണ്. വർഷങ്ങൾക്കുമുമ്പ് പ്രവർത്തനംനിലച്ച ക്വാറിക്കുളങ്ങൾ ഇന്ന് നിറയെ വെളളമുള്ള ജലാശയങ്ങളാണ്. മുപ്പതിലധികം റവന്യൂക്വാറികളും സ്വകാര്യ ക്വാറികളുമാണ് അമ്പലവയൽ മേഖലയിലുള്ളത്. ഇവയെല്ലാം ഇന്ന് അപകടക്കെണികളായി മാറിയിരിക്കുകയാണ്. ആയിരംകൊല്ലി, നന്ദൻകവല, മഞ്ഞപ്പാറ ഭാഗങ്ങളിലാണ് ക്വാറിക്കുളങ്ങൾ കൂടുതലുള്ളത്. സുരക്ഷാവേലിയില്ലാത്ത കുളങ്ങൾക്കരികിൽ ആളുകളെത്തുന്നു. ആളൊഴിഞ്ഞ പരിസരങ്ങളിലായതിനാൽ വിനോദസഞ്ചാരികൾ ഉൾപ്പടെ അപകത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. ഒട്ടേറെപേർക്കാണ് ക്വാറി കുളങ്ങളിൽ വീണ് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് ജീവൻ നഷ്ടമായങ്കിലും സുരക്ഷാവേലിയൊരുക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
സുരക്ഷാവേലി വേണമെന്നാവശ്യം
അപകടങ്ങൾ തുടർക്കഥയായതോടെ അമ്പലവയൽ വികാസ് കോളനിപരിസരത്ത് മുമ്പ് സുരക്ഷാവേലി നിർമിച്ചിരുന്നു. ഇതിനുശേഷം ഇവിടെ അപകടമുണ്ടായിട്ടില്ല. അത്തരത്തിൽ മറ്റിടങ്ങളിലും വേലിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഇത് അധികൃതർ ചെവികൊണ്ടില്ല. ഈ അടുത്തിടെയാണ് ഫാന്റം റോക്കിലെ ക്വാറി കുളത്തിൽ ഒരു യുവതി വീണത്. പ്രദേശവാസികളായ ആളുകളുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് യുവതിയ്ക്ക് ജീവൻ തിരിച്ച് കിട്ടി. ക്വാറി കളങ്ങളിലെ ജലാശയങ്ങൾ കാണുന്നതിനായി നിരവധി സഞ്ചരികളാണ് സാഹസികമായി ക്വാറിയുടെ മുകൾഭാഗത്ത് എത്തുന്നത്. പലപ്പോഴും കാൽവഴുതി കുളത്തിൽ പതിക്കാൻ ഇടയാകുന്നു. ക്വാറിയ്ക്ക് ചുറ്റും സുരക്ഷ വേലിയോ പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമോ ഉണ്ടങ്കിൽ അപകട സാധ്യത ഒഴിവാക്കാൻ കഴിയും.
ടൂറിസവും മത്സകൃഷിയും
എങ്ങുമെത്തിയില്ല
ഉപയോഗ ശൂന്യമായി കിടക്കുന്ന ക്വാറികുളങ്ങളെ സുരക്ഷിത കേന്ദ്രമാക്കി ടൂറിസംകേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതിയ്ക്ക് നടപടിയെടുത്തങ്കിലും എങ്ങുമെത്തിയില്ല. ക്വാറികളങ്ങളിലെ ജലാശയത്തിൽ ബോട്ട് സർവ്വീസ്ഉൾപ്പെടയുള്ളവ നടത്താനും, കുളക്കരയിൽ കഫ്റ്റീരിയയും, കുട്ടികൾക്ക് വേണ്ടിയുള്ള കളിയുപകരണങ്ങളും പാർക്കും ഒരുക്കാനായിരുന്നു പദ്ധതി. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ ബഡ്ജറ്റിൽ നിർദേശം വെക്കുകയും ചെയ്തു. ഡി.റ്റി.പി.സിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. ടൂറിസം സാധ്യതകൾക്ക് പ്രയോജനപ്പെടുത്താൻ കഴിയാത്ത കുളങ്ങളിൽ മത്സ്യകൃഷി നടത്താനും നീക്കം നടന്നിരുന്നു. ഇവയെല്ലാം എങ്ങുമെത്താതെ കിടക്കുകയാണ്. നിലവിൽ വിഭാവനം ചെയ്തിരുന്നടൂറിസം സർക്ക്യൂട്ട് പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന പ്രദേശം കൂടിയാണ് ക്വാറി കുളങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |