
വിൽപ്പന കുത്തനെ കുറയുന്നു
കൊച്ചി: സ്വർണ വിലയിലെ കനത്ത ചാഞ്ചാട്ടം സംസ്ഥാനത്തെ ജുവലറി മേഖലയ്ക്ക് കടുത്ത തിരിച്ചടിയാകുന്നു. അഞ്ച് മാസമായി വിലയിൽ രൂക്ഷമായ കയറ്റിറക്കം പതിവായതോടെ ഉപഭോക്താക്കൾ വാങ്ങൽ തീരുമാനം നീട്ടിവെക്കുകയാണ്. വിലഇനിയും കുറയുമെന്ന പ്രതീക്ഷയിലിരിക്കുമ്പോൾ വിപണി ശക്തമായി തിരിച്ചുകയറുന്നതും വിനയായി. രണ്ട് മാസത്തിനിടെ ജുലവറികളിലെ വിൽപ്പനയിൽ 30 ശതമാനത്തിനടുത്ത് ഇടിവുണ്ടെന്ന് ജുവലറി ഉടമകൾ പറയുന്നു.
അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ വർദ്ധിപ്പിക്കുമെന്ന വിലയിരുത്തലിൽ തകർച്ച നേരിട്ട സ്വർണ വിപണി വാരാന്ത്യത്തിൽ നേരിയ തോതിൽ തിരിച്ചുകയറി. രാജ്യാന്തര വിപണിയിൽ ഒരവസരത്തിൽ ഔൺസിന് 3,950 ഡോളർ വരെ താഴ്ന്ന സ്വർണ വില ഇന്നലെ 4,050 ഡോളറിലേക്ക് തിരിച്ചുകയറി. കഴിഞ്ഞ വർഷം സെപ്‌തംബറിന് ശേഷം ഇതാദ്യമായാണ് സ്വർണ വില 4,000 ഡോളറിന് താഴെയെത്തിയത്.
ക്രൂഡോയിൽ വില കുത്തനെ ഉയർന്നതോടെ നാണയപ്പെരുപ്പ ഭീഷണി നേരിടാനാണ് ഫെഡറൽ റിസർവ് പലിശ കൂട്ടുന്നത്. സുരക്ഷിത നിക്ഷേപമായി കണക്കിലെടുത്ത സ്വർണത്തെ കൈവിട്ട് ആഗോള നിക്ഷേപകർ യു.എസ് ബോണ്ടിലേക്കും ഡോളറിലേക്കും പണം മാറ്റുകയാണ്.
ഉയരങ്ങളിൽ നിന്ന് താഴേക്ക്
നടപ്പുവർഷം ജനുവരി 28ന് രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 5,589 ഡോളറിലെത്തി റെക്കാഡിട്ടിരുന്നു. അഞ്ച് മാസത്തിനിടെ ഔൺസിന് 1,600 ഡോളറിന്റെ ഇടിവാണ് സ്വർണ വിലയിലുണ്ടായത്. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില മൂക്കുകുത്തി. കഴിഞ്ഞ വാരം ഒരവസരത്തിൽ പവൻ വില 1,02,760 രൂപ വരെയെത്തിയിരുന്നു. എന്നാൽ ഇന്നലെ പവൻ വില 1,000 രൂപ വർദ്ധിച്ച് 1,04,680 രൂപയിലെത്തി. ഗ്രാമിന്റെ വില 125 രൂപ ഉയർന്ന് 13,085 രൂപയിലെത്തി. പശ്ചിമേഷ്യൻ യുദ്ധം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്ക് ഉയർത്തിയിരുന്നില്ലെങ്കിൽ നിലവിൽ പവൻ വില ഒരു ലക്ഷത്തിന് താഴെയെത്തുമായിരുന്നു. ജനുവരി 29ന് 1,31,160 രൂപയെന്ന റെക്കാഡ് ഉയരത്തിലായിരുന്നു.
അഞ്ച് മാസത്തിൽ പവൻ വിലയിലെ ഇടിവ്
26,480 രൂപ
ഗതി നിശ്ചയിക്കുന്നത്
1. അമേരിക്കയിലെ പലിശ വർദ്ധന തീരുമാനം
2. യു.എസ് കാർഷികേതര തൊഴിൽ കണക്കുകൾ
3. യു.എസ് ബോണ്ടുകൾ, ഡോളർ മൂല്യത്തിലെ മാറ്റങ്ങൾ
4. ക്രൂഡോയിൽ വിലയിലുണ്ടാകുന്ന ഇടിവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |