
തീരുവയില്ലാതെ 10 ലക്ഷം ടൺ കൊണ്ടുവരാം
കൊച്ചി: അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ ഡിസംബർ 31 വരെ നീട്ടി. ഒക്ടോബർ 31ന് അവസാനിക്കേണ്ട സമയപരിധിയാണ് രണ്ടു മാസത്തേക്ക് നീട്ടിയത്. പഞ്ചസാരയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കാനും ഇറക്കുമതിക്കാർക്ക് അനുവദിച്ച അളവ് കൊണ്ടുവരാൻ കൂടുതൽ സമയം നൽകാനുമാണ് നടപടി.
ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉപഭോക്തൃ രാജ്യമായ ഇന്ത്യയിൽ അസംസ്കൃത പഞ്ചസാരയുടെ വില ഉയർന്നതും ആഭ്യന്തര ഉത്പാദനത്തിലെ കുറവും കണക്കിലെടുത്താണ് നടപടി. ആഗസ്റ്റ് 20ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ 10 ലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.
എന്നാൽ ആഭ്യന്തര വില നിയന്ത്രണ നടപടികൾ ഇറക്കുമതിയുടെ ലാഭസാധ്യത കുറച്ചതോടെ അനുവദിച്ച അളവിൽ ചെറിയൊരു ഭാഗം മാത്രമാണ് ഇതുവരെ ഇറക്കുമതി ചെയ്തതെന്ന് വ്യവസായ വൃത്തങ്ങൾ അറിയിച്ചു. പുതിയ സമയപരിധി ഇറക്കുമതിക്കാർക്ക് ശേഷിക്കുന്ന അളവ് കൊണ്ടുവരാൻ സഹായകമാകും. എൽ നിനോ പ്രതിഭാസവും ദുർബലമായ കാലവർഷവും 2026-27 പഞ്ചസാര ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |