SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 AM IST

'സ്ഥിരമായി ജോലിയില്ല, 30 വയസിനുള്ളിൽ സന്ദർശിച്ചത് നിരവധി യൂറോപ്യൻ രാജ്യങ്ങൾ'; വിജയരഹസ്യം വെളിപ്പെടുത്തി യുവതി

himani
ഹിമാനി മിത്തൽ

ജയ്‌പൂർ: എട്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ജോലികളാണ് ഇന്ത്യയിൽ കൂടുതൽപേരും ചെയ്യുന്നത്. എന്നാൽ, ഈ പതിവുശൈലി ഉപേക്ഷിച്ച ഹിമാനി മിത്തൽ എന്ന യുവതിയുടെ ജീവിതകഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. രാജസ്ഥാനിലെ അബു റോഡിൽ മദ്ധ്യവർഗ മാർവാരി കുടുംബത്തിൽ ജനിച്ച ഹിമാനി തന്റെ ജീവിതത്തിലെ തീരുമാനങ്ങളെല്ലാം സ്വയം എടുക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്.

സമ്പന്നമായ കുടുംബപശ്ചാത്തലം അല്ലാതിരുന്നിട്ടും ഓൺലൈൻ ജോലികളിലൂടെ സ്വന്തം കരിയർ കെട്ടിപ്പടുത്താനും വിദേശത്ത് താമസിച്ച് വിവിധ രാജ്യങ്ങൾ സന്ദർശിക്കാനും ഹിമാനിക്ക് സാധിച്ചു. ജീവിതത്തിൽ ആറുതവണയാണ് ഈ 30കാരി കരിയർ ഷിഫ്റ്റ് നടത്തിയത്. വിവാഹം കഴിച്ച് എവിടെയെങ്കിലും സ്ഥിരതാമസമാക്കണമെന്ന സാമൂഹിക പ്രതീക്ഷകൾക്കപ്പുറം സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ജീവിക്കാനാണ് അവർ തീരുമാനിച്ചത്.

ചെറുപ്പത്തിൽതന്നെ സാമ്പത്തികമായി സ്വതന്ത്രയായിരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നുവെന്ന് ഹിമാനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ സ്വയം എടുക്കണമെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണെന്ന് മനസിലാക്കിയതോടെയാണ് താൻ അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്നും യുവതി പറയുന്നു.

21-ാം വയസിൽ സ്‌പാനിഷ് ഭാഷ പഠിച്ചുകൊണ്ടിരിക്കെത്തന്നെ ആ ഭാഷ പഠിപ്പിക്കാൻ തുടങ്ങി. കൊവിഡ് മഹാമാരി ആരംഭിച്ച സമയത്ത് 23-ാം വയസിൽ ജോലി പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഇതിലൂടെ വരുമാനം നിലനിർത്തിക്കൊണ്ട് പുതിയ അവസരങ്ങൾ തേടാനും യാത്രകൾ നടത്താനും സാധിച്ചെന്ന് അവർ വ്യക്തമാക്കി. മുപ്പതുകളിലേക്ക് കടക്കുന്നസമയത്ത് നിരവധി സാമൂഹിക സമ്മർദങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അവയ്‌ക്ക് വഴങ്ങാതെ പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും പഠിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും യുവതി പറയുന്നു. ജീവിതത്തിൽ താനിതുവരെ ഒമ്പതു മുതൽ അഞ്ചുമണിവരെ ജോലി എന്ന സംവിധാനത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും യുവതി കൂട്ടിച്ചേർത്തു. സമാനചിന്താഗതിയുള്ള നിരവധിപേരാണ് ഹിമാനിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

English Summary

Rajasthan’s Himani Mittal, 30, goes viral for changing careers six times, travelling across Europe and choosing financial independence and life on her own terms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIMANI MITHAL, WOMEN EMPOWERMENT, UNCONVENTIONAL LIFESTYLE, INDEPENDENT WOMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360