
കോട്ടയം: ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് അഞ്ച് രൂപ വർദ്ധിച്ചതോടെ റബർ വില 300 രൂപയിലേക്ക് അടുക്കുന്നു. റബർ ബോർഡിന്റെ ആർ.എസ്.എസ് 4 വില കിലോയ്ക്ക് 294 രൂപയാണെങ്കിലും ഷീറ്റിന്റെ ലഭ്യതക്കുറവ് കാരണം ടയർ കമ്പനികൾക്കായി ഏജന്റുമാർ 296 രൂപ വരെ നൽകിയാണ് വാങ്ങുന്നത്. ഒട്ടുപാൽ 205 രൂപയിലും ലാറ്റക്സ് 192 രൂപയിലുമാണ് വ്യാപാരം.
മഴയും വെയിലും മാറിമാറിയുള്ള കാലാവസ്ഥ ഷീറ്റ് ഉത്പാദനത്തെ ബാധിച്ചതോടെ വിപണിയിൽ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണം. ആഭ്യന്തര വിപണിയിൽ ആവശ്യകത ശക്തമായതിനാൽ വില കുറയ്ക്കാനുള്ള ടയർ ലോബിയുടെ നീക്കം വിജയിച്ചില്ല. ഉയർന്ന നികുതി കാരണം ഇറക്കുമതിയും ലാഭകരമല്ലാത്ത സാഹചര്യത്തിൽ ആഭ്യന്തര വില ഈ ആഴ്ചതന്നെ 300 രൂപയിലെത്തിയേക്കും.
എന്നാൽ തുലാവർഷം ടാപ്പിംഗിനെ ബാധിച്ചതോടെ ഉയർന്ന വിലയുടെ പ്രയോജനം ചെറുകിട കർഷകർക്ക് പൂർണമായി ലഭിക്കുന്നില്ല.
.
കുതിപ്പ് തുടർന്ന് കുരുമുളക്
നവരാത്രിക്ക് പിന്നാലെ ദീപാവലി ആഘോഷങ്ങൾക്കായി ഉത്തരേന്ത്യയിൽ ആവശ്യകത വർധിച്ചതോടെ കുരുമുളക് വില ഉയരുന്നു. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 15 രൂപയുടെ വർധനയുണ്ടായി. ഉത്സവകാല വിൽപ്പനയ്ക്കായി മസാല കമ്പനികൾ കൂടുതൽ കുരുമുളക് സംഭരിക്കുന്നതാണ് വില ഉയർത്തുന്നത്.
നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്‌സ് എക്സ്ചേഞ്ചിലെ (എൻ.സി.ഡി.ഇ.എക്സ്) നവംബർ, ഡിസംബർ അവധി വ്യാപാരത്തിലും വില 23 രൂപ വീതം ഉയർന്നു. കേരളത്തിൽ വിളവെടുപ്പ് തുടങ്ങിയിട്ടില്ല. തമിഴ്‌നാട്ടിലും കർണാടകയിലും ഉത്പാദനം കുറഞ്ഞതും വിപണിയിൽ ലഭ്യതയെ ബാധിക്കുന്നു.
കുരുമുളക് ക്ഷാമം വിദേശ വിപണികളിലും വിലയിൽ കുതിപ്പുണ്ടാക്കുന്നു. അമേരിക്കൻ ആവശ്യകത വർധിച്ചതോടെ വിയറ്റ്‌നാമിലും വില ഉയർന്നു. ശ്രീലങ്കയിൽനിന്നുള്ള ഇറക്കുമതി കൂടിയെങ്കിലും ആഭ്യന്തര വില കുറയില്ലെന്നാണ് വിലയിരുത്തൽ.
കയറ്റുമതി നിരക്ക് (ടൺ)
ഇന്ത്യ -8025 ഡോളർ
ശ്രീലങ്ക- 6900 ഡോളർ
വിയറ്റ്നാം- 6200 ഡോളർ
ബ്രസീൽ -6000ഡോളർ
ഇന്തോനേഷ്യ- 6700 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |