SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.49 AM IST

'ക്രിക്കറ്റ് മുന്നോട്ടുതന്നെ പോകും,​ താരങ്ങൾ വരും, ഇതിഹാസങ്ങൾ വിരമിക്കും; ​ ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാർ വൈഭവ്'

-vaibhav-sooryavanshi-
lവൈഭവ് സൂര്യവംശി

വെല്ലിംഗ്‌ടൺ: ഇതിഹാസ താരങ്ങളായ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും പടിയിറങ്ങിയാലും മറ്റൊരു സൂപ്പർ താരത്തെ കണ്ടെത്താൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലൂസ്നർ. കൗമാര താരം വൈഭവ് സൂര്യവംശി ഭാവിയിലെ സൂപ്പർതാരമായി വളരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊഹ്‌ലിയും രോഹിത്തും രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന സമയം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് ക്ലൂസ്നറുടെ നിലപാട്.


ക്രിക്കറ്റിൽ ഓരോ തലമുറയിലും പ്രതിഭകൾ ഉയർന്നുവരുമെന്നും ഇതിഹാസ താരങ്ങൾ വിരമിക്കുമ്പോൾ അവരുടെ പാത പിന്തുടരാൻ പുതിയ താരങ്ങളുണ്ടാകുമെന്നും ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ക്ലൂസ്നർ പറഞ്ഞു. ഇതിഹാസ താരങ്ങൾ വിരമിക്കുമ്പോൾ അവരുടെ അഭാവം നികത്താൻ ആരുമുണ്ടാകില്ലെന്ന് ആരാധകർ കരുതാറുണ്ടെങ്കിലും പുതിയ പ്രതിഭകൾ ആ ധാരണ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

'ക്രിക്കറ്റ് മുന്നോട്ടുതന്നെ പോകും. താരങ്ങൾ വരും, ഇതിഹാസങ്ങൾ വിരമിക്കും. അതോടെ പഴയതുപോലെയാകില്ലെന്ന് പലരും കരുതും. എന്നാൽ ഇന്ത്യയ്ക്ക് അധികം ദൂരെയൊന്നും നോക്കേണ്ടതില്ല. വൈഭവിനെപ്പോലാെരു യുവതാരം ഇവിടെയുണ്ട്. ഇന്ത്യയുടെ അടുത്ത സൂപ്പർതാരം അദ്ദേഹമായേക്കാം,' ക്ലൂസ്നർ കൂട്ടിച്ചേർത്തു.

കൊഹ്‌ലിയും രോഹിത്തും മികച്ച താരങ്ങളാണ്. എന്നാൽ ഓരോ താരത്തിനും കളി അവസാനിപ്പിക്കേണ്ട സമയമുണ്ട്. അതാണ് ക്രിക്കറ്റിന്റെ സൗന്ദര്യം ; കളി ഒരിക്കലും നിലയ്ക്കുന്നില്ല. ചിലപ്പോൾ അത് കൂടുതൽ ശക്തമാവുകയും ചെയ്യും. സച്ചിൻ ടെൻഡുൽക്കറുടെ റെക്കാഡുകൾ ഒരുകാലത്ത് തകർക്കാനാകില്ലെന്ന് പലരും കരുതിയിരുന്നു. എന്നാൽ പിന്നീട് ആ റെക്കാഡുകളെ വെല്ലുവിളിക്കാൻ പോന്ന പുതിയ താരങ്ങളെത്തി. ഇതാണ് ക്രിക്കറ്റിന്റെ പ്രത്യേകത. താരങ്ങൾ വരികയും പോവുകയും ചെയ്യും. സ്വന്തം രാജ്യത്തെ ഇതിഹാസങ്ങൾ കളംവിടുന്നത് സങ്കടകരമാണ്. എന്നാൽ മറുവശത്ത് കൂടുതൽ ചെറുപ്പക്കാരും കായികക്ഷമതയുള്ളവരും വേഗതയുള്ളവരുമായ താരങ്ങൾ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്,' അദ്ദേഹം വ്യക്തമാക്കി.

ബാറ്ററെന്ന നിലയിൽ ഗിൽ ഇതിനകം തന്റെ മികവ് തെളിയിച്ചിട്ടുണ്ടെന്നും നായകനെന്ന നിലയിലുള്ള ഉത്തരവാദിത്വം കൂടി മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്നും ക്ലൂസ്നർ പറഞ്ഞു. 'എന്നെ സംബന്ധിച്ചിടത്തോളം ഗില്ലാണ് ഈ ചുമതലയ്ക്ക് അനുയോജ്യനായ താരം. ബാറ്ററെന്ന നിലയിൽ അദ്ദേഹം അസാമാന്യ പ്രതിഭയാണ്. എന്നാൽ ബാറ്ററായ ഗില്ലിനെയും നായകനായ ഗില്ലിനെയും വേർതിരിച്ചുകാണാൻ അദ്ദേഹത്തിന് കഴിയണം. മികച്ച നായകന്മാർക്ക് അതിന് കഴിഞ്ഞിട്ടുണ്ട്. ഗില്ലിനും അതിന് ആവശ്യമായ അവസരങ്ങളും പിന്തുണയും ലഭിക്കുമെന്ന് എന്റെ വിശ്വാസം.'- അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Former South African all-rounder Lance Klusener believes Indian cricket's future is secure post-Virat Kohli and Rohit Sharma. He identified teenage talent Vaibhav Suryavanshi as a potential superstar, emphasizing that new talents consistently emerge to fill the void left by legends. Klusener also endorsed Shubman Gill for future captaincy, highlighting his exceptional batting and leadership potential.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SURYAVANSHI, SPORTS, LATESTNEWS, CRICKETNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360