SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.21 AM IST

'അന്വേഷണം നടത്തേണ്ടത് എങ്ങനെയെന്ന് ഉദ്യോഗസ്ഥരെ പഠിപ്പിക്കണം'; യുപി പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

supreme-court-up-police
പ്രതീകാത്മക ചിത്രം

ലക്‌നൗ: തട്ടിക്കൊണ്ടുപോകൽ,​ കൊലപാതകം തുടങ്ങിയ കേസുകളിൽ പ്രതിചേർക്കപ്പെട്ട് ആറുവർഷത്തോളം വിചാരണത്തടവിൽ കഴിഞ്ഞശേഷം കുറ്റവിമുക്തനായ വ്യക്തിക്ക് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ യുപി സർക്കാരിനോട് ഉത്തരവിട്ട് സുപ്രീംകോടതി. പൊലീസിന്റെ അശ്രദ്ധമായ അന്വേഷണത്തെയും പ്രോസിക്യൂഷന്റെ കെടുകാര്യസ്ഥതയെയും കോടതി രൂക്ഷമായി വിമർശിച്ചു. സംഭവത്തെ നീതിന്യായ വ്യവസ്ഥയിലെ ഗുരുതര വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്ക് കേസ് അന്വേഷിക്കുന്നത് എങ്ങനെയാണെന്നുള്ള പരിശീലനം നൽകണമെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകി.

ജസ്റ്റിസുമാരായ ജെബി പർദിവാല,​ കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വെറും ഊഹാപോഹങ്ങളും കെട്ടിചമച്ച കഥകളും അടിസ്ഥാനമാക്കി ഒരാളുടെ ജീവിതത്തിലെ ആറുവർഷം നഷ്ടപ്പെടുത്തിയെന്ന് കോടതി നിരീക്ഷിച്ചു. പ്രാഥമിക അന്വേഷണം പോലും കേസിൽ നടത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റം തെളിയുന്നതുവരെ പ്രതി നിരപരാധിയാണെന്ന നിയമതത്വം ആരും മറക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു. എങ്ങനെയെങ്കിലും കുറ്റക്കാരെ വർദ്ധിപ്പിക്കുകയല്ല അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇരകൾക്കും പരാതിക്കാർക്കും പരിക്കേറ്റവർക്കും മാത്രമല്ല,​ പ്രതികൾക്കും നീതി ഉറപ്പാക്കേണ്ട ഉത്തരവാദിത്ത്വം പ്രേസിക്യൂഷൻ ഏജൻസികൾക്കുണ്ടെന്നും കോടതി വ്യക്തമാക്കി.

2019 ഒക്ടോബറിൽ ആഗ്ര ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഹർജിക്കാരൻ പ്രതിയായത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 364 (കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള തട്ടിക്കൊണ്ടുപോകൽ), 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. 2019 നവംബർ 14 മുതൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ദീർഘകാലത്തെ വിചാരണത്തടവ് കണക്കിലെടുത്ത് 2026 മാർച്ചിൽ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി, മൂന്നു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകിയിരുന്നു. സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചുള്ളതാണ് കേസെന്ന് കോടതി അന്ന് നിരീക്ഷിച്ചിരുന്നു. തുടർന്ന് വിചാരണ പൂർത്തിയായപ്പോൾ ഹർജിക്കാരനെ കുറ്റവിമുക്തനാക്കി. ഇതോടെ പ്രോസിക്യൂഷൻ എങ്ങനെയാണ് മുന്നോട്ടുപോയതെന്ന് പരിശോധിക്കാൻ സുപ്രീംകോടതി വിചാരണക്കോടതി വിധി വരുത്തി പരിശോധിച്ചു. ഇതോടെയാണ് അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകൾ പുറത്തുവന്നത്.

അന്വേഷണത്തിലെ പ്രാഥമിക റിപ്പോർട്ടിൽ പരാതിക്കാരന്റെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങളും കൂട്ട്പ്രതിയുടെ മൊഴിയുമാണ് ഇയാളെയും കേസിൽ കുരുക്കാൻ കാരണമായത്. വിചാരണയ്‌ക്കിടെ കൂട്ടുപ്രതി മരിക്കുകയും മറ്റൊരു പ്രതിയായ ഇയാളുടെ അമ്മ ഒളിവിൽ പോവുകയും ചെയ്‌തു. ഇതോടെ വിചാരണ നേരിട്ട ഏക പ്രതി ഹർജിക്കാരനായിരുന്നു. പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാൻ പൊലീസ് ആശ്രയിച്ച സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇലക്ട്രോണിക് തെളിവുകളായ സി.സി.ടി.വി ദൃശ്യങ്ങൾക്കും കോൾ ഡീറ്റെയിൽ റെക്കാഡുകൾക്കും ഇന്ത്യൻ തെളിവ് നിയമത്തിലെ 65ബി വകുപ്പ് പ്രകാരം ആവശ്യമായ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല. പരാതിക്കാരൻ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥനും മൊഴി നൽകിയിരുന്നില്ല. പ്രതികളെ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്നും അറസ്റ്റ് ചെയ്തതെന്നും വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.

തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തിലും ഒരാൾക്ക് ആറു വർഷം വിചാരണത്തടവിൽ കഴിയേണ്ടിവന്നത് ദൗർഭാഗ്യകരമാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. അന്വേഷണം നടത്തുന്ന രീതിയിൽ പൊലീസ് മാറ്റം വരുത്തണമെന്നും ഉദ്യോഗസ്ഥർക്ക് ശരിയായ പരിശീലനം നൽകണമെന്നും കോടതി നിർദേശിച്ചു. ഉത്തരവിന്റെ പകർപ്പ് ഉത്തർപ്രദേശ് പൊലീസ് ഡയറക്ടർ ജനറലിനും ആഭ്യന്തര സെക്രട്ടറിക്കും അയച്ചുനൽകാനും നിർദേശമുണ്ട്. ഹർജിക്കാരന് നിശ്ചിത സമയത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ 18 ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്നും കോടതി ഉത്തരവിട്ടു.

English Summary

The Supreme Court ordered the Uttar Pradesh government to pay six lakh rupees compensation to an individual acquitted after six years as an undertrial in kidnapping and murder cases. The court criticized negligent police investigation and prosecution's inefficiency, calling it a serious judicial system failure and directing officer training.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC, SUPREMECOURT, UP POLICE INVESTIGATION, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360