യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാർത്തകൾ ഇടയ്‌ക്കിടെ പുറത്തുവരാറുണ്ട്. അദ്ദേഹത്തിന്റെ കൈകളിലെ മുറിവുകൾ, കണങ്കാലിലെ വീക്കം, ഡയപ്പറുകൾ ഉപയോഗിക്കുന്നു എന്ന കിംവദന്തികൾ തുടങ്ങി നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ അമേരിക്കൻ കമാൻഡർ-ഇൻ-ചീഫ് കൂടിയായ ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മറ്റൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
മൂന്ന് വർഷത്തിനിടെ ട്രംപിന്റെ ശരീരഭാരം 10.4 കിലോഗ്രാം (28 പൗണ്ട്) വർദ്ധിച്ചുവെന്നാണ് റിപ്പോർട്ട്. ഇത് ആശങ്കാജനകമാണെന്നാണ് ഡോക്‌ടർമാർ പറയുന്നത്. മറ്റുള്ളവരുടെ ശരീരഭാരത്തെ കളിയാക്കുന്ന ട്രംപിന്റെ ഈ അവസ്ഥ കണ്ട് ചിലരിത് വിരോധാഭാസമാണെന്ന് പോലും പറയുന്നു. ന്യൂജേഴ്‌സി മുൻ ഗവർണറായ ക്രിസ് ക്രിസ്റ്റിയുടെ ശരീരഭാരത്തെയാണ് ട്രംപ് മുമ്പ് പരിഹസിച്ചത്. നടി റോസി ഒ'ഡോണലിനെ "കൊഴുത്ത പന്നി" എന്ന് പോലും ട്രംപ് വിളിച്ചു.
ട്രംപിന്റെ ശരീരഭാരം കൂടിയതായി വാഷിംഗ്‌ടൺ പോസ്റ്റാണ് ആദ്യം റിപ്പോർട്ട് പുറത്തുവിട്ടത്. മുൻകാലങ്ങളിലെ അപേക്ഷിച്ച് യുഎസ് പ്രസിഡന്റിന്റെ ഭാരം കൂടി. ഇക്കഴിഞ്ഞ മേയ് മാസത്തിൽ അദ്ദേഹത്തിന്റെ ശരീരഭാരം 238 പൗണ്ട് (107.9 കിലോഗ്രാം) ആണ്. 2023 ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ ശരീരഭാരം 215 പൗണ്ട് (97.5 കിലോഗ്രാം) ആയിരുന്നു. അദ്ദേഹത്തിന്റെ ഉയരം 6'3 ആണ്. ഇതുവച്ച് നോക്കുമ്പോൾ ട്രംപിന് പൊണ്ണത്തടിയാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ മാസം യുഎസ് സെക്കൻഡ് ലേഡി ഉഷ വാൻസുമായുള്ള ഒരു പോഡ്‌കാസ്റ്റിൽ അദ്ദേഹം തന്റെ ശരീരഭാരത്തെക്കുറിച്ച് പറഞ്ഞിരുന്നു. 300 പൗണ്ടിൽ (136.07 കിലോഗ്രാം) കൂടുതൽ ഭാരമുള്ള മുൻ യുഎസ് പ്രസിഡന്റ് വില്യം ഹോവാർഡ് ടാഫ്‌റ്റിനെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്റെ ഭാരത്തെക്കുറിച്ച് പറഞ്ഞത്. വില്യം ഹോവാർഡ് ടാഫ്‌റ്റിന്റെ റെക്കോർഡ് മറികടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ താൻ ഇനി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
ട്രംപിന്റെ ശരീരഭാരം കൂടാനുള്ള കാരണം എന്താണെന്ന് വാഷിംഗ്‌ടൺ പോസ്റ്റ് വിശദീകരിച്ചിട്ടില്ല. ഭക്ഷണം തന്നെയാണ് ശരീരഭാരം കൂടാനുള്ള കാരണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഫാസ്റ്റ് ഫുഡിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തെക്കുറിച്ചും വ്യായാമത്തോടുള്ള വെറുപ്പിനെക്കുറിച്ചും നേരത്തേ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. മക്ഡൊണാൾഡ്‌സും ഡയറ്റ് കോക്കും ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. രാത്രി വൈകി ലഘുഭക്ഷണവും സംസ്‌കരിച്ച ഭക്ഷണങ്ങളും ട്രംപ് കഴിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഈ വർഷത്തിന്റെ തുടക്കത്തിൽ യുഎസ് പ്രസിഡന്റിന്റെ ഭക്ഷണശീലങ്ങൾ അസന്തുലിതമായിരുന്നുവെന്ന് ആരോഗ്യ - മനുഷ്യ സേവന സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ പോഡ്‌കാസ്റ്റർ കാറ്റി മില്ലറിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം എല്ലായ്‌പ്പോഴും ഡയറ്റ് കോക്ക് കുടിക്കാറുണ്ട്. ഇത്രയും ഭക്ഷണം കഴിച്ചിട്ട് അദ്ദേഹം എങ്ങനെയാണ് ജീവിച്ചിരിക്കുന്നതെന്ന് അറിയില്ല. അത് അതിശയകരമാണെന്നും കെന്നഡി പറഞ്ഞിരുന്നു.
ഫ്ലോറിഡ സ്റ്റേറ്റ് സെനറ്ററായ ജോ ഗ്രൂട്ടേഴ്‌സും കഴിഞ്ഞ ഒക്ടോബറിൽ ട്രംപിന്റെ ഭക്ഷണക്രമത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്രയും പ്രായമുള്ള ട്രംപ് എങ്ങനെയാണ് ജങ്ക് ഫുഡുകൾ സ്ഥിരമായി കഴിക്കുന്നതെന്ന് ആലോചിക്കുമ്പോൾ ഭയം തോന്നുന്നുവെന്നും ജോ ഗ്രൂട്ടേഴ്‌സ് പറഞ്ഞു.
വൈറ്റ് ഹൗസിലെ ഡോക്ടർമാർ ട്രംപിന്റെ ശരീരഭാരം വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റ് വിദഗ്ദ്ധരും ട്രംപിന്റെ അമിത ഭാരത്തിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അമിത ശരീരഭാരം ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്‌രോഗം, പക്ഷാഘാതം, സ്ലീപ് അപ്‌നിയ, അർബുദം, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. ട്രംപിന്റെ ശരീരം മുഴുവൻ അനാരോഗ്യകരമായ കൊഴുപ്പാണെന്നും ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നുമാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ മുൻ കമ്മീഷണറായ ഡേവിഡ് കെസ്ലർ ചൂണ്ടിക്കാട്ടിയത്. അതേസമയം, വിഷയത്തിൽ ഡൊണാൾഡ് ട്രംപോ വൈറ്റ് ഹൗസോ പ്രതികരിച്ചിട്ടില്ല.
Donald Trump’s weight reportedly increased by 10.4 kg over three years, reaching 107.9 kg in May 2026. Experts have raised concerns about the health risks associated with excess weight. Reports also highlight his preference for fast food and limited exercise. Trump and the White House have not publicly commented on the issue.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |