വ്യത്യസ്ത രുചിയും മണവും നിറവുമുള്ള കുക്കീസ് നമ്മൾ കഴിച്ചിട്ടുണ്ട്. ചോക്ലേറ്റ്, സ്ട്രോബെറി, വാനില എന്നിങ്ങനെ വ്യത്യസ്ത ഫ്ലേവറുകളിലുള്ളവ വിപണിയിൽ ലഭ്യമാണ്. എന്നാൽ പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് നിർമിച്ച കുക്കീസിനെ കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുമെങ്കിലും സംഭവം സത്യമാണ്.
പ്ലാസ്റ്റിക് കുപ്പികളും ചോളത്തിന്റെ അവശിഷ്ടങ്ങളും ഉപയോഗിച്ച് കുക്കീസ് തയ്യാറാക്കി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ. സതേൺ ഇല്ലിനോയിസ് യൂണിവേഴ്സിറ്റി കാർബൺഡെയ്ലിലെ ഗവേഷകരാണ് ഈ വിചിത്ര കണ്ടെത്തലിന് പിന്നിൽ. 'യുബൈറ്റ്സ്' (മൈക്രോബൈറ്റുകൾ) എന്ന് പേരിട്ടിരിക്കുന്ന ഈ കുക്കീസ് പൂർണമായും ശാസ്ത്രീയപ്രക്രിയയിലൂടെയാണ് വികസിപ്പിച്ചെടുത്തത്.
യുബൈറ്റ്സ് എന്നത് സാധാരണ ഒരു കുക്കിയല്ല. മറിച്ച് ഇതിൽ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സാധാരണ നമ്മൾ കടകളിൽ നിന്ന് വെള്ളവും മറ്റും വാങ്ങുന്ന പ്ലാസ്റ്റിക് കുപ്പികളിലെ പോളിയെത്തിലീൻ ടെറഫ്താലേറ്റ്, ചോളച്ചെടിയുടെ തണ്ടുകളും ഇലകളും ഉപയോഗിച്ചാണ് യുബൈറ്റ്സ് നിർമിച്ചിരിക്കുന്നത്.

ഓക്സിഡേറ്റീവ് ഹൈഡ്രോതെർമൽ ഡിസൊല്യൂഷൻ എന്ന പ്രക്രിയയിലൂടെ ഉയർന്ന താപനിലയിലും സമ്മർദ്ദത്തിലും ഓക്സിജനും വെള്ളവും ഉപയോഗിച്ച് പ്ലാസ്റ്റിക്കിനെയും ചോളാവശിഷ്ടങ്ങളെയും ചെറിയ കഷണങ്ങളാക്കി മാറ്റുന്നു. തുടർന്ന് പ്രത്യേകമായി ജനിതകമാറ്രം വരുത്തിയ യീസ്റ്റ് കോശങ്ങൾ ഉപയോഗിച്ച് ഇവയെ പ്രോട്ടീനുകൾ, കൊഴുപ്പുകൾ, വിറ്റാമിനുകൾ എന്നിവയാക്കി മാറ്റിയെടുക്കുന്നു.

കുക്കീസിന് കൂടുതൽ രുചിയും ഗുണവും മണവും നൽകാൻ വാനില ഫ്ലേവറും ശരീരത്തിന് വിറ്രാമിൻ എ നൽകുന്ന ബീറ്രാ കരോട്ടിനും ഇതിലേയ്ക്ക് ചേർക്കുന്നു. ഈ മിശ്രിതത്തിലേയ്ക്ക് ഫൈബറും അന്നജവും ആവശ്യത്തിന് മധുരവും ചേർത്ത ശേഷം ത്രീഡി പ്രിന്റർ വഴി കുക്കീസിന്റെ രൂപത്തിലാക്കുന്നു. പ്രാഥമിക സുരക്ഷാപരിശോധനകളിൽ ഈ കുക്കീസ് കഴിക്കാൻ തികച്ചും സുരക്ഷിതമാണെന്ന് തെളിഞ്ഞതായി ഗവേഷകർ വ്യക്തമാക്കുന്നു.
എന്നാൽ ഔദ്യോഗികമായ പരിശോധനകൾക്ക് ശേഷം മാത്രമെ ഇത് പുറത്തിറക്കൂ. ബഹിരാകാശ ദൗത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വലിയ അളവിൽ ഭക്ഷണം കൊണ്ടുപോകുന്നതിന് പകരം പ്രോട്ടീനടങ്ങിയ ഈ കുക്കീസ് മതിയാകുമെന്നാണ് ഗവേഷകരുടെ കണക്കുക്കൂട്ടൽ. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ കുക്കീസ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
പ്ലാസ്റ്റിക്കിലും ഭക്ഷണത്തിലും അടങ്ങിയിരിക്കുന്നത് കാർബൺ തന്മാത്രകളാണ് എന്ന ചിന്തയാണ് ശാസ്ത്രജ്ഞരെ ഈ പരീക്ഷണത്തിലേക്ക് നയിച്ചത്. പ്ലാസ്റ്റിക് മലിനീകരണവും ഭക്ഷ്യക്ഷാമവും സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്നങ്ങളാണ്. ഇവ രണ്ടിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. പ്ലാസ്റ്റിക്, സസ്യമാലിന്യങ്ങൾ ഉപേക്ഷിക്കേണ്ട വസ്തുക്കളായി കാണുന്നതിന് പകരം അവയുടെ കാർബൺ വീണ്ടെടുത്ത് ഭക്ഷ്യയോഗ്യമായ ഒന്നാക്കിമാറ്റാൻ കഴിയുമോ എന്നാണ് ഗവേഷകൾ പരീക്ഷിക്കുന്നത്.
ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെ മറ്രൊരു വ്യാവസായിക ഉൽപ്പന്നമാക്കി മാറ്റുന്നതിനുപകരം ആരോഗ്യത്തിന് ഗുണകരമാകുന്ന ഒന്നായി മാറ്റുക എന്നതാണ് ഈ പ്രക്രിയയിലൂടെ ഗവേഷകർ ലക്ഷ്യമിടുന്നത്. ഭാവിയിൽ ബഹിരാകാശ യാത്രയ്ക്കും ലോകത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാനും 'യൂബൈറ്റ്സ്' കുക്കീസിന്റെ നിർമാണം സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
Researchers at Southern Illinois University Carbondale have developed "U-Bites," protein-rich cookies made from plastic bottles and corn waste. Utilizing a scientific process involving high heat and programmed yeast, these innovative treats aim to address plastic pollution and food scarcity. Preliminary safety tests confirm they are safe for consumption, with potential applications for space missions and public availability anticipated in the coming years.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |