
ന്യൂഡൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവരെ അന്യസംസ്ഥാനങ്ങളിലെ ജയിലിലേക്ക് മാറ്റാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമോയെന്ന് കേരളത്തോട് സുപ്രീംകോടതി. രണ്ടാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത,ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഇല്ലെങ്കിൽ തങ്ങൾക്ക് ഇടപെടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. പെരുമ്പാവൂരിൽ ദളിത് നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളി മുഹമ്മദ് അമീർ ഉൾ ഇസ്ലാമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജന്മനാടായ അസാമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
തന്നെ കാണാൻവേണ്ടി അസാമിലുള്ള കുടുംബത്തിന് കേരളത്തിലെത്താൻ കഴിയാത്ത സാഹചര്യമാണെന്നാണ് വാദം. ജയിൽ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ എതിർത്തിരുന്നു. തൂക്കുകയർ വിധിക്കപ്പെട്ടവരെ മറ്റൊരു സംസ്ഥാനത്തെ ജയിലിലേക്ക് മാറ്റാൻ ചട്ടം 587 അനുവദിക്കുന്നില്ല. കേന്ദ്രനിയമത്തിനു വിരുദ്ധമാണിതെന്ന് പ്രതിയുടെ അഭിഭാഷക റബേക്ക ജോൺ വാദിച്ചു.
ട്രാൻസ്‌ഫർ ഒഫ് പ്രിസണേഴ്സ് ആക്‌ട് പ്രകാരം അന്തർസംസ്ഥാന ജയിൽമാറ്റം അനുവദനീയമാണ്. ഹൈക്കോടതിയിലോ,വിചാരണക്കോടതിയിലോ നടപടികൾ നടക്കുകയാണെങ്കിൽ മാത്രമാണ് ജയിൽമാറ്റത്തിന് വിലക്കുള്ളത്. മുഹമ്മദ് അമീർ ഉൾ ഇസ്ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ കേരള ഹൈക്കോടതി 2024ൽ ശരിവച്ചു. അപ്പീൽ സുപ്രീംകോടതിയിലാണ്. ഈ സാഹചര്യത്തിൽ കേന്ദ്രനിയമപ്രകാരം ജയിൽമാറ്റത്തിന് തടസമില്ലെന്ന് വാദിച്ചു. ഇതോടെ കേരളത്തിന്റെ നിലപാട് കോടതി തേടുകയായിരുന്നു. പ്രതി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലാണ്. 2016 ഏപ്രിൽ 28ന് നിയമവിദ്യാർത്ഥിനിയെ വീട്ടിൽ കയറി മാനഭംഗംചെയ്ത് കൊന്നുവെന്നാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |